ന്യൂഡല്‍ഹി: ബജറ്റിന്‍െറ ഉള്ളടക്കം ധനമന്ത്രിയുടെ പ്രസംഗത്തിനു മുമ്പേ ചോരുന്നത് രഹസ്യസ്വഭാവം തകര്‍ക്കുക മാത്രമല്ല, നിയമനിര്‍മാണസഭയെ അവമതിക്കുകയും ചെയ്യുന്നുവെന്നാണ് കണക്കാക്കുന്നത്. നികുതി നിര്‍ദേശങ്ങളും മറ്റും മുന്‍കൂട്ടി പുറത്തറിയുന്നത് ധനവിപണിയില്‍ പ്രശ്നങ്ങളുണ്ടാക്കും. 70 വര്‍ഷം മുമ്പ് ബജറ്റ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ബ്രിട്ടനില്‍ മന്ത്രിക്ക് രാജിവെക്കേണ്ടിവന്നിട്ടുണ്ട്. നാലു വര്‍ഷം മുമ്പും ബ്രിട്ടനില്‍ സമാനമായ ബജറ്റ് ചോര്‍ച്ച നടന്നു. അന്ന് ചോര്‍ത്തിയ പത്രലേഖകന്‍ അനുഭവിച്ചു.
മുന്‍കൂട്ടി പ്രസിദ്ധീകരിക്കുന്നതു വിലക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് കൈമാറിയ ബജറ്റ് കോപ്പിയുടെ ഒന്നാം പേജിന്‍െറ ചിത്രം ഒരു മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. അതില്‍ പ്രധാന ബജറ്റ് നിര്‍ദേശങ്ങള്‍ എല്ലാം ഉണ്ടായിരുന്നു. പാര്‍ലമെന്‍റില്‍ ചാന്‍സലര്‍ ജോര്‍ജ് ഓസ്ബണ്‍ ബജറ്റ് പ്രസംഗം തുടങ്ങുന്നതിനു മുമ്പായിരുന്നു ഇത്. ഈവനിങ് സ്റ്റാന്‍ഡേഡ് പത്രത്തിന്‍െറ ലേഖകനാണ് ഇങ്ങനെ ചെയ്തത്.
മാധ്യമങ്ങള്‍ക്ക് മുന്‍കൂട്ടി ബജറ്റ് വിവരം കൈമാറിയത് പരിശോധിക്കാന്‍ ചാന്‍സലര്‍ ഉത്തരവിട്ടു. ഇതോടെ പ്രഭുസഭയോടും സ്പീക്കറോടും ചാന്‍സലറോടും പത്രത്തിന്‍െറ പൊളിറ്റിക്കല്‍ എഡിറ്റര്‍ ജോ മര്‍ഫി ട്വിറ്ററിലൂടെ ക്ഷമാപണം നടത്തി. പത്രത്തിന്‍െറ ട്വിറ്റര്‍ അക്കൗണ്ട് ദുരുപയോഗിച്ചതിന് പത്രപ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്തു. 1947ലാണ് ബ്രിട്ടനില്‍ ബജറ്റ് ചോര്‍ച്ചയുടെ പേരില്‍ ചാന്‍സലര്‍ക്ക് രാജിവെക്കേണ്ടിവന്നത്. ലണ്ടനിലെ അക്കാലത്തെ സായാഹ്നപത്രമായ ‘സ്റ്റാറി’നോട് തന്‍െറ ബജറ്റ് പദ്ധതികള്‍ അനൗപചാരിക സംഭാഷണത്തില്‍ വെളിപ്പെടുത്തിയതാണ് ലേബര്‍ പാര്‍ട്ടി ചാന്‍സലറായ ഹഗ് ഡാല്‍ട്ടനെ കുഴപ്പത്തില്‍ ചാടിച്ചത്.
പാര്‍ലമെന്‍റിന്‍െറ ഇടനാഴിയിലൂടെ നടന്നുനീങ്ങുമ്പോള്‍ ‘സ്റ്റാറി’ന്‍െറ ജോണ്‍ കാര്‍വലിനോട് ഡാല്‍ട്ടണ്‍ ചില നികുതി നിര്‍ദേശങ്ങളെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചു. സഭയില്‍ ബജറ്റ് പ്രസംഗം ആരംഭിക്കുന്നതിന് 20 മിനിറ്റുമുമ്പേ, വിപണിയില്‍ ചലനമുണ്ടാക്കുന്ന വിവരങ്ങളോടെ പത്രം ഇറങ്ങി. പ്രധാനമന്ത്രി ക്ളമന്‍റ് ആറ്റ്ലിക്ക് ഡാല്‍ട്ടണ്‍ രാജിക്കത്ത് കൊടുത്തു. സഭയില്‍ മാപ്പുപറഞ്ഞു. അന്നത്തെ പ്രതിപക്ഷ നേതാവായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ക്ഷമിച്ചേക്കാമെന്ന മൂഡിലായിരുന്നെങ്കിലും രാജിതീരുമാനവുമായി ഡാല്‍ട്ടണ്‍ മുന്നോട്ടുപോയി. 1996ല്‍ ഡെയ്ലി മിറര്‍ ചെയ്തത് മറ്റൊന്നാണ്.
പത്രത്തിന്‍െറ റിപ്പോര്‍ട്ടര്‍ ആന്‍റണി ഹാര്‍വുഡിന് കെന്നത്ത് ക്ളെര്‍ക്കിന്‍െറ അവസാന ബജറ്റ് ചോര്‍ന്നുകിട്ടി. റിപ്പോര്‍ട്ടര്‍ അത് നേരിട്ട് ചാന്‍സലറുടെ പ്രസ് ഓഫിസര്‍ക്ക് കൈമാറിയിട്ടു പറഞ്ഞു: ‘‘ഇത് ചാന്‍സലര്‍ക്ക് കൊടുത്തേക്ക്. നാളെ അദ്ദേഹത്തിന് ഇത് ആവശ്യം വരും.’’ ഇത്രയും വലിയൊരു സ്കൂപ്പ് കിട്ടിയപ്പോള്‍ സര്‍ക്കാറിനെ പ്രശ്നത്തിലാക്കാന്‍ തങ്ങള്‍ക്ക് മടിയില്ളെങ്കിലും, സുപ്രധാന സാമ്പത്തിക രേഖ തിരിച്ചേല്‍പിക്കുന്നതാണ് ഈ ഘട്ടത്തില്‍ പൊതുധര്‍മമെന്ന് വായനക്കാരോട് അന്നത്തെ പത്രാധിപര്‍ പിയേഴ്സ് മോര്‍ഗന്‍ വിശദീകരിക്കുകയും ചെയ്തു.
ചാന്‍സലറുടെ ബജറ്റ് നിര്‍ദേശങ്ങള്‍ നേരത്തേ പ്രസിദ്ധീകരിച്ചാല്‍ ഓഹരി വിപണിയിലും മറ്റും വലിയ കുഴപ്പങ്ങളുണ്ടായേനെ എന്നും പത്രാധിപര്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.