ന്യൂഡൽഹി: എത്ര മെച്ചപ്പെട്ടതായാലും ജീവൻ പണയംവെച്ചുള്ള ജോലിയൊന്നും വേണ്ടെന്ന നിലപാടിലാണ് ഇന്നത്തെ യുവാക്കൾ. അതിർത്തിരക്ഷ സേനയിൽ (ബി.എസ്.എഫ്) ഒാഫിസർ തസ്തികയിൽ ജോലി ലഭിച്ചിട്ടും 60 ശതമാനം പേരും അത് ഏറ്റെടുക്കാൻ സന്നദ്ധരായില്ല.
അതിർത്തിയിൽ സംഘർഷം പുകയുന്നതും ബി.എസ്.എഫിലെ ജോലി സാഹചര്യങ്ങൾ സംബന്ധിച്ച് ഒരു ജവാൻ പുറത്തുവിട്ട വിഡിയോയുമാണ് യുവാക്കളെ ജോലി വേണ്ടെന്നുവെക്കാൻ പ്രേരിപ്പിച്ചതത്രെ. 2017ൽ ബി.എസ്.എഫിൽ അസിസ്റ്റൻറ് കമാൻഡൻറായി തെരഞ്ഞെടുക്കപ്പെട്ട 28 പേരിൽ 16 പേർ ജോലിക്ക് ചേരാൻ തയാറായില്ല. ജോലിയിൽ ചേരാതിരിക്കുന്നവർക്ക് പിന്നീടൊരിക്കലും അർധസൈനിക വിഭാഗങ്ങളിൽ ജോലിക്കായുള്ള പരീക്ഷകൾ എഴുതാൻ കഴിയില്ല. എന്നിട്ടും ജോലിക്കു ചേരാൻ ഉദ്യോഗാർഥികൾ തയാറാവുന്നില്ല. മുൻ വർഷങ്ങളിലും ബി.എസ്.എഫിൽ ജോലിക്ക് ചേർന്നത് ചുരുക്കം ഉദ്യോഗാർഥികളായിരുന്നു.
2016ൽ 31 പേർ തെരഞ്ഞെടുക്കപ്പെട്ടതിൽ 17 പേരാണ് ജോലിക്കെത്തിയത്. അതിെൻറ മുൻവർഷം 110 പേർ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 69 പേരാണ് ജോലിക്കെത്തിയത്. അവരിൽ 15 പേർ പരിശീലനകാലത്ത് രാജിവെച്ചുപോകുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കനുസരിച്ച് അസിസ്റ്റൻറ് കമാൻഡൻറ് തസ്തികയിലും അതിനു മുകളിലുള്ള തസ്തികകളിലുമായി 522 ഗസറ്റഡ് ഒാഫിസർമാരുടെ ഒഴിവാണ് ബി.എസ്.എഫിൽ ഇപ്പോഴുള്ളത്. ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും ആദ്യ പരിഗണന നൽകിയത് സി.െഎ.എസ്.എഫിനാണ്. സേനാവിഭാഗങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ അർധസൈനിക വിഭാഗക്കാർക്ക് ലഭിക്കുന്ന രണ്ടാംതരം പരിഗണനയും ജോലിയിൽ അഭിവൃദ്ധിയുണ്ടാകുന്നില്ലെന്ന റിപ്പോർട്ടുമാണ് തങ്ങളെ ജോലി വേണ്ടെന്നുവെക്കാൻ പ്രേരിപ്പിച്ചതെന്ന് ബി.എസ്.എഫിൽ ചേരാതിരുന്ന ഉദ്യോഗാർഥികളിൽ ചിലർ പ്രതികരിച്ചു.
സൈനികർക്ക് ലഭിക്കുന്ന മാന്യത അർധസൈനിക ഉദ്യോഗസ്ഥർക്ക് സമൂഹത്തിലില്ലെന്നും ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. കൊല്ലപ്പെട്ടാൽ രക്തസാക്ഷിത്വംപോലും കൽപിക്കപ്പെടില്ലെന്നും വിവാഹമാർക്കറ്റിൽപോലും അർധൈസനികർക്ക് വിലയില്ലെന്നും ഇവർ പറയുന്നു. വേണ്ടത്ര സൗകര്യങ്ങളില്ലാതെ അതിർത്തിയിൽ കഠിനജോലിക്ക് പോകാൻ ഇവർ താൽപര്യപ്പെടുന്നില്ല. ബി.എസ്.എഫ് ജവാനായിരുന്ന തേജ് ബഹാദൂർ യാദവ് സേനാ ക്യാമ്പുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം സംബന്ധിച്ച് പോസ്റ്റ് ചെയ്ത വിഡിയോയും ഇവരിൽ പലരെയും സ്വാധീനിച്ചിട്ടുണ്ട്.
ബി.എസ്.എഫ്, സി.ആർ.പി.എഫ്, െഎ.ടി.ബി.പി എന്നിവ പ്രയാസമേറിയ ജോലികളാെണന്നും അവയിൽ ബി.എസ്.എഫും സി.ആർ.പി.എഫും യുദ്ധഭൂമിയിലാണെന്നും അതുകൊണ്ടാണ് അവ ഉദ്യോഗാർഥികൾ തെരഞ്ഞെടുക്കാത്തതെന്നും ബി.എസ്.എഫ് വക്താവ് പ്രതികരിച്ചു. ബി.എസ്.എഫിൽ ജോലിചെയ്യാൻ മാനസികമായി തയാറെടുക്കാത്ത ഒരാൾ അതിൽ പ്രവേശിക്കാത്തതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.