ജോധ്പുർ: ബ്ളൂവെയിൽ ഗെയിം കളിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആൺകുട്ടിയേയും പെൺകുട്ടിയേയും രക്ഷപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരിലും പത്താൻകോട്ടിലുമാണ് രണ്ട് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായത്.
പത്താംക്ളാസ് വിദ്യാർഥിനിയായ 17കാരി രണ്ട് തവണയാണ് ബ്ളൂവെയിൽ ഗെയിം കളിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രാജസ്ഥാനിലെ ജോധ്പൂർ സ്വദേശിയായ പെൺകുട്ടി നേരത്തേ തടാകത്തിൽ ചാടി മരിക്കാൻ ശ്രമിച്ചിരുന്നു. മൊബൈൽ ഫോൺ വെള്ളത്തിലെറിഞ്ഞ് തടാകത്തിൽ ചാടിയ പെൺകുട്ടിയെ ചിലർ രക്ഷപ്പെടുത്തുകയായിരുന്നു. സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയുടെ കൈയിൽ തിമിംഗലത്തിന്‍റെ ആകൃതിയിലുള്ള വരകൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
രക്ഷപ്പെട്ട പെൺകുട്ടി പിന്നീട് വീട്ടിൽ വെച്ച് വീണ്ടും ഉറക്കഗുളികൾ കഴിക്കുകയായിരുന്നു. ഇപ്പോൾ ഐ.സി.യുവിലാണ് പെൺകുട്ടി. അപകടനില തരണം ചെയ്ത പെൺകുട്ടി വിഷാദരോഗത്തിന് അടിമയാണെന്നും കൗൺസിലിങ് നൽകേണ്ടതുണ്ടെന്നും ഡോക്ടർ അറിയിച്ചു.
പത്താൻകോട്ടിൽ 16 വയസ്സുകാരൻ ഫാനിൽ കെട്ടിത്തൂങ്ങിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസങ്ങളായി ആൺകുട്ടിയുടെ പെരുമാറ്റത്തിൽ പ്രകടമായ വ്യത്യാസം അനുഭവപ്പെട്ടിരുന്നതായി രക്ഷിതാക്കൾ പറഞ്ഞു.
ഇടത്തേ കൈയിൽ തിമിംഗലത്തിന്‍റെ ചിത്രം വരച്ചിട്ട കുട്ടി രണ്ട് മാസത്തോളമായി ഓൺഗെയിം കളിക്കുന്നുണ്ടെന്ന് കൗൺസിലിങ്ങിനിടെ വെളിപ്പെടുത്തിയതായി സൈക്യാട്രിസ്റ്റ് പറഞ്ഞു. ഗെയിം കളിക്കാൻ തുടങ്ങിയതിന് ശേഷം ആൺകുട്ടി ടെറസിൽ നിന്ന് താഴോട്ട് ചാടിയതായും പുസ്തകങ്ങൾ കത്തിച്ചതായും ഡോക്ടർ പറഞ്ഞു.
താൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ മാതാപിതാക്കൾക്ക് ആപത്ത് വരുമെന്ന് ഭിഷണി കൊണ്ടാണ് താൻ മരിക്കാൻ തയാറായതെന്ന് ആൺകുട്ടി വെളിപ്പെടുത്തിയതായും ഡോക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.