ന്യൂഡൽഹി: പാർലമെന്റ് ചേരുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നത ബി.ജെ.പി നേതാക്കൾ തിങ്കളാഴ്ച രാവിലെ യോഗം ചേർന്നശേഷമാണ് ഇരുസഭകളിലും രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
പ്രധാനമന്ത്രിക്ക് പുറമെ, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, വാർത്താവിതരണ പ്രക്ഷേപണ മന്ത്രി രാജ്യസഭാനേതാവ് പിയൂഷ് ഗോയൽ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തെ തുടർന്നാണ് രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ ലോക്സഭയിൽ ഉന്നയിച്ച് മാപ്പ് ആവശ്യപ്പെടാൻ ബി.ജെ.പി തീരുമാനിച്ചത്.
രാജ്നാഥ് സിങ്ങും പിയൂഷ് ഗോയലും രാഹുലിനെതിരായ പ്രതിഷേധത്തിന് സഭയിൽ നേതൃത്വം നൽകുകയും ചെയ്തു.ലോക്സഭാംഗത്തെ കുറിച്ച് രാജ്യസഭയിൽ സംസാരിക്കാൻ പാടില്ലെന്ന സഭാചട്ടം പരിഗണിക്കാതെയായിരുന്നു രാജ്യസഭയിലെ ഭരണകക്ഷി പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ പ്രതിപക്ഷത്തെ ഉന്നതനേതാവ് ഇന്ത്യൻ ജനാധിപത്യത്തെ അപമാനിച്ചുവെന്നും വിദേശരാജ്യത്ത് പോയി ഇന്ത്യയുടെ സംവിധാനങ്ങൾക്കെതിരെ സംസാരിച്ചുവെന്നും പിയൂഷ് ഗോയൽ ആരോപിച്ചു.
ഇന്ത്യയുടെ സൈന്യത്തെയും പാർലമെന്റിനെയും അതിന്റെ അധ്യക്ഷന്മാരെയും കോടതിയെയും മാധ്യമങ്ങളെയും വിദേശമണ്ണിൽ പോയി ഒരു പ്രതിപക്ഷ നേതാവ് സംസാരിച്ചത് ലോകം മുഴുവൻ കണ്ടതാണെന്നും ഇന്ത്യയോടും മുഴുവൻ ഇന്ത്യക്കാരോടും ആ നേതാവ് മാപ്പുപറയണമെന്നും ഗോയൽ പറഞ്ഞു.
ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ റൂളിങ് തേടിയപ്പോൾ പിന്നീട് നൽകാമെന്ന് പറഞ്ഞ് ചെയർമാൻ സഭ നിർത്തിവെക്കുകയും ചെയ്തു. സഭാനേതാവായ പിയൂഷ് ഗോയലിന് 10 മിനിറ്റ് അനുവദിച്ചപ്പോൾ പ്രതിപക്ഷ നേതാവായ തനിക്ക് രണ്ട് മിനിറ്റ് പോലും അനുവദിച്ചില്ലെന്നും എന്തുകൊണ്ടാണ് ഈ തരത്തിൽ പാർലമെന്റിൽ വിവേചനം കാണിക്കുന്നതെന്നും ഖാർഗെ പിന്നീട് വാർത്തസമ്മേളനത്തിൽ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.