'മെഡിക്കൽ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ കൈകൾക്ക് വൈകല്യമുണ്ടാകരുത്'; കമീഷന്റെ മാനദണ്ഡത്തെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: മെഡിക്കൽ വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്നതിന് വിദ്യാർഥികളുടെ കൈകൾക്ക് വൈകല്യമുണ്ടാകരുതെന്ന ദേശീയ മെഡിക്കൽ കമീഷന്റെ മാനദണ്ഡത്തെ ശക്തമായി വിമർശിച്ച് സുപ്രീം കോടതി.

ഈ വ്യവസ്ഥ ഭിന്നശേഷിക്കാരുടെ അവകാശത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും ജസ്റ്റിസ് ബി. ആര്‍ ഗവായ്, ജസ്റ്റിസ് കെ. വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ശാരീരിക വൈകല്യം മാത്രം കണക്കിലെടുത്ത് ഒരു വിദ്യാർഥിയെ പ്രവേശന പരിധിയിൽ നിന്ന് വിലക്കുന്നത് ഭരണഘടനാ ഉറപ്പുകളുടെയും വികലാംഗരുടെ അവകാശങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര കൺവെൻഷനുകളുടെയും ലംഘനമാണെന്ന് കോടതി വിധിച്ചു.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിക്ക് പഞ്ചാബ്-ഹരിയാന ഹൈക്കോടതി എം.ബി.ബി.എസ് കോഴ്‌സില്‍ പ്രവേശനം നിഷേധിച്ചതിനെതിരെയുള്ള അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

നീറ്റ് യു.ജി 2024 പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ ഹരജിക്കാരനെ, അത്യാവശ്യ ക്ലിനിക്കൽ പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള കഴിവ് ഉണ്ടായിരുന്നിട്ടും, ഡിസെബിലിറ്റി അസസ്സ്മെന്റ് ബോർഡ് അയോഗ്യനാണെന്ന് കണ്ടെത്തി.

ഹരജിക്കാരന് സംസാരിക്കാനുള്ള ബുദ്ധിമുട്ടും കൈകള്‍ക്കും വിരലുകള്‍ക്കും നീളക്കുറവും ഉണ്ടായരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയിലെ അഞ്ചംഗങ്ങളും എയിംസിലെ ഡോക്ടര്‍മാരുമടങ്ങുന്ന വിദഗ്ധ സംഘം വിദ്യാര്‍ഥിയെ പരിശോധിച്ച് എം.ബി.ബി.എസ് കോഴ്സിലേക്ക് പ്രവേശനം നൽകണമെന്ന് നിർദേശിച്ചു. 

മെഡിക്കൽ വിദ്യാഭ്യാസ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട ബെഞ്ച്, ആധുനിക വൈദ്യശാസ്ത്രവും സഹായക സാങ്കേതികവിദ്യയും വികലാംഗരെ വൈദ്യപരമായ കർത്തവ്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ പ്രാപ്തരാക്കുന്നുവെന്നും പറഞ്ഞു. 

Tags:    
News Summary - ‘Both hands intact’ rule for MBBS admissions ableist: SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.