മുംബൈ: ഭാര്യയുടെ വസ്ത്രധാരണം, പാചക വൈദഗ്ധ്യം എന്നിവയെക്കുറിച്ചുള്ള പരാമർശങ്ങൾ ഗുരുതരമായ ക്രൂരതയോ പീഡനമോ ആയി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈകോടതി. ജസ്റ്റിസുമാരായ വിഭ കങ്കൻവാഡി, സഞ്ജയ് എ ദേശ്മുഖ് എന്നിവരടങ്ങിയ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതിയിന്മേൽ ഭർത്താവിനും ഭർത്താവിന്‍റെ കുടുംബത്തിനുമെതിരെ നൽകിയ പരാതി റദ്ദാക്കാനും കോടതി ഉത്തരവിട്ടു.
2022 മാർച്ചിലാണ് യുവതിയുടെ വിവാഹം നടന്നത്. 2013ൽ ആദ്യ വിവാഹത്തിൽ നിന്ന് യുവതി വേർപിരിഞ്ഞ ശേഷമാണ് 2022ൽ യുവതി വീണ്ടും വിവാഹിതയാകുന്നത്. വിവാഹം കഴിഞ്ഞ് ഒന്നര മാസമായിട്ടും തന്നോട് ശരിയായ രീതിയിൽ പെരുമാറിയില്ലെന്നായിരുന്നു ഭർത്താവിനെതിരെയുള്ള യുവതിയുടെ ആരോപണം. ഭർത്താവിന്റെ മാനസികവും ശാരീരികവുമായ അസുഖങ്ങൾ വീട്ടുകാർ തന്നിൽ നിന്ന് മറച്ചുവെച്ചതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ തെളിവുകൾ പരിശോധിച്ച കോടതി ഭാര്യയുടെ വാദങ്ങളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തുകയായിരുന്നു. കുറ്റപത്രത്തിന്റെ ഭാഗമായ വിവാഹത്തിന് മുമ്പ് ദമ്പതികൾ തമ്മിൽ നടന്ന ചാറ്റുകൾ, ഭർത്താവ് കഴിക്കുന്ന ഗുളികകളെക്കുറിച്ച് വ്യക്തമായി പരാമർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ വാദങ്ങൾ കോടതി തള്ളി.
ബന്ധം വഷളാകുമ്പോൾ അതിശയോക്തി കലർത്തുന്നതായി തോന്നുന്നുവെന്നും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് ഭർത്താവിനോടും കുടുംബത്തോടും വിചാരണ നേരിടാൻ ആവശ്യപ്പെടുന്നത് നിയമനടപടികളുടെ ദുരുപയോഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഫ്ളാറ്റ് വാങ്ങാനായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന പരാതിക്കാരിയുടെ വാദത്തെയും കോടതി ചോദ്യം ചെയ്തു. നിലവില്‍ ഭര്‍ത്താവിന് ഒരു ഫ്ളാറ്റ് ഉണ്ടായിരിക്കെ ഈ വാദത്തിന്റെ സാധുതയെന്താണെന്നും കോടതി ചോദിച്ചു.
ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളില്ലെന്നും കുറ്റപത്രത്തില്‍ ഭാര്യയുടെ മൊഴിയല്ലാതെ മറ്റുതെളിവുകളില്ലെന്നും കോടതി പറഞ്ഞു. ദമ്പതിമാരുടെ അയല്‍ക്കാരെ ചോദ്യം ചെയ്യാനോ ഇവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥന്‍ തയ്യാറായില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.