സുപ്രീകോടതി

തെരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് വെട്ടാം, പൗരത്വം നിർണയിക്കാൻ അവകാശമില്ല -സുപ്രീകോടതി

ന്യൂഡൽഹി: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടതിന്റെ പേരിൽ പൗരന്മാർക്ക് റേഷൻ ഉൾപ്പെടെയുള്ള സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. പ്രത്യേക വോട്ടർപട്ടിക പുതുക്കൽ പ്രക്രിയയിലൂടെ (SIR) പൗരത്വം സംശയാസ്പദമാണെന്ന് ചൂണ്ടിക്കാട്ടി വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ടവർക്ക് പാൻ കാർഡ്, റേഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ പശ്ചിമ ബംഗാൾ സർക്കാർ നിഷേധിക്കുന്നുവെന്ന് ആരോപിച്ചുള്ള പൊതുതാൽപര്യ ഹരജിയിലാണ് സുപ്രീംകോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചത്.

ഡബ്ല്യു.ബി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനും എൻ.ആർ.സി വിരുദ്ധ ജോയിന്റ് ഫോറം കൺവീനറുമായ പ്രസൻജിത് ബോസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണം.

പൗരത്വം സംശയാസ്പദമാണെന്ന് കണ്ട് വോട്ടർ പട്ടികയിൽ നിന്ന് ഒരാളുടെ പേര് നീക്കം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് അന്തിമമായി തീരുമാനിക്കാൻ കമ്മീഷന് അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.

‘ബിഹാറിലെയും പശ്ചിമ ബംഗാളിലെയും പ്രത്യേക വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്തപ്പോൾ ഞങ്ങൾ ആവർത്തിച്ചു പറഞ്ഞിട്ടുള്ള കാര്യമാണിത്. ഒരാളുടെ പൗരത്വം നിശ്ചയിക്കാനുള്ള അതോറിറ്റിയല്ല തെരഞ്ഞെടുപ്പ് കമ്മീഷൻ. പൗരത്വ രേഖകളിൽ സംശയമുള്ളവരുടെ പട്ടിക കമ്മീഷൻ കേന്ദ്ര സർക്കാരിന് കൈമാറുകയാണ് വേണ്ടത്. പൗരത്വം തീരുമാനിക്കാൻ യോഗ്യതയുള്ള ഏക അതോറിറ്റി കേന്ദ്ര സർക്കാർ മാത്രമാണെന്നും’ കോടതി വ്യക്തമാക്കി. 

ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ഞെട്ടിക്കുന്ന വിവരങ്ങളാണ് കോടതിയിൽ ഉന്നയിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിനെതിരെ ഏകദേശം 33 ലക്ഷത്തോളം ആളുകളാണ് അപ്പീൽ നൽകിയിട്ടുള്ളത്. എന്നാൽ അപ്പലേറ്റ് ട്രൈബ്യൂണലുകൾ ഇതുവരെ വെറും 30,000 അപ്പീലുകളിൽ (ആകെ അപ്പീലുകളുടെ 1% മാത്രം) മാത്രമാണ് വിധി പറഞ്ഞത്. ഇതിൽ തന്നെ 70 ശതമാനം അപ്പീലുകളും ട്രൈബ്യൂണൽ അംഗീകരിച്ചു, അതായത് ഇവരുടെ പേരുകൾ വോട്ടർ പട്ടികയിൽ തിരികെ ചേർക്കേണ്ടതുണ്ട്.

എന്നാൽ, തെരഞ്ഞെടുപ്പ് കമ്മീഷൻ പേര് വെട്ടിയതിനെ പൗരത്വം റദ്ദാക്കിയതിനുള്ള അന്തിമ രേഖയായി വ്യാഖ്യാനിച്ചുകൊണ്ട് ആളുകൾക്ക് പൊതുവിതരണ സമ്പ്രദായം (PDS) വഴിയുള്ള റേഷനും അന്നപൂർണ യോജന പദ്ധതി പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങളും നിഷേധിക്കുകയാണെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. അപ്പീൽ നൽകിയവർക്ക് റേഷൻ ആനുകൂല്യങ്ങൾ തുടരുമെന്ന് പശ്ചിമ ബംഗാൾ സർക്കാർ നേരത്തെ വ്യക്തമാക്കിയതാണെങ്കിലും താഴേത്തട്ടിൽ ഇത് നടപ്പിലാകുന്നില്ലെന്നാണ് ഹരജിയിൽ പറയുന്നത്.

വിഷയത്തിൽ മറ്റൊരു വിവാദ വശം കൂടി ഹരജിക്കാരൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യപ്പെട്ട ആളുകളുടെയും അവരുടെ ആശ്രിതരുടെയും ജാതി സർട്ടിഫിക്കറ്റുകൾ വീണ്ടും പരിശോധിച്ച് അവ റദ്ദാക്കാൻ പശ്ചിമ ബംഗാൾ സർക്കാർ അധികാരികൾക്ക് നിർദേശം നൽകിയിരിക്കുകയാണ്. ജൂലൈ 2ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ട്, അപ്പീലുകളിൽ തീർപ്പുണ്ടാക്കാൻ നിലവിലെ വേഗതയിൽ വർഷങ്ങളെടുക്കുമെന്നും അതുവരെ ലക്ഷക്കണക്കിന് ആളുകൾക്ക് അടിസ്ഥാന ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നും ഹരജിക്കാരൻ ആശങ്ക പ്രകടിപ്പിച്ചു.

അപ്പീലുകളിൽ വേഗത്തിൽ തീർപ്പുകൽപ്പിക്കണമെന്ന ആവശ്യവുമായി ഹരജിക്കാരന് കൊൽക്കത്ത ഹൈകോടതി ചീഫ് ജസ്റ്റിസിനെ സമീപിക്കാമെന്ന് സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയതിന്റെ പേരിൽ ക്ഷേമപദ്ധതികൾ നിഷേധിക്കുന്നതുമായി ബന്ധപ്പെട്ട മറ്റ് ഗൗരവമേറിയ വിഷയങ്ങളിൽ പശ്ചിമ ബംഗാൾ സർക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടിയ കോടതി കേസ് കൂടുതൽ വാദത്തിനായി ആഗസ്റ്റ് 25ലേക്ക് മാറ്റി വെച്ചു.

Tags:    
News Summary - EC can delete doubtful voters, cannot decide citizenship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.