'കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണം'; പ്രണയത്തിൽ ഗർഭിണിയായ 17കാരിയുടെ ഗർഭഛിദ്ര ആവശ്യം തള്ളി കോടതി

മുംബൈ: ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് 17കാരി സമർപ്പിച്ച ഹരജി തള്ളി ബോംബെ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച്. പെൺകുട്ടി ഉഭയസമ്മത പ്രകാരമുള്ള ലൈംഗികന്ധത്തിലൂടെയാണ് ഗർഭിണിയായതെന്നതും ഗർഭസ്ഥശിശുവിന് 24 ആഴ്ചത്തെ വളർച്ചയുണ്ടെന്നതും പരിഗണിച്ചാണ് കോടതി ഗർഭം അലസിപ്പിക്കാനുള്ള ആവശ്യം നിരാകരിച്ചത്. നിലവിലെ സാഹചര്യത്തിൽ കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണമെന്ന് ജസ്റ്റിസുമാരായ രവീന്ദ്ര ഗുജ്, വൈ.ജി. ഖൊബ്രഗഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

പെൺകുട്ടിക്ക് ഈ മാസം 18 വയസാകാൻ പോകുകയാണെന്നതും പരിഗണിച്ചുകൊണ്ടാണ് കോടതി വിധി. പെൺകുട്ടിയും യുവാവും തമ്മിൽ മാസങ്ങളായി പ്രണയബന്ധത്തിലായിരുന്നെന്നും നിരവധി തവണ ലൈംഗികബന്ധത്തിലേർപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ഗർഭിണിയാണെന്ന കാര്യം പ്രഗ്നൻസി കിറ്റിലൂടെ പെൺകുട്ടി തന്നെയാണ് ഈ വർഷം ഫെബ്രുവരിയിൽ സ്ഥിരീകരിച്ചത്. പെൺകുട്ടി കാര്യങ്ങൾ തിരിച്ചറിവില്ലാത്തയാളല്ലെന്നും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുന്നയാളാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പെൺകുട്ടി മാതാവ് വഴിയാണ് ഗർഭഛിദ്രത്തിന് കോടതിയിൽ ഹരജി നൽകിയത്. 18 വയസ് തികയാത്തതിനാൽ പോക്സോ നിയമത്തിന്‍റെ പരിധിയിൽ താൻ കുട്ടിയാണെന്നും ഗർഭഛിദ്രത്തിന് അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.

ഭ്രൂണവളർച്ച 20 ആഴ്ച പിന്നിട്ട സാഹചര്യത്തിലാണ് ഗർഭം അലസിപ്പിക്കാൻ കോടതിയുടെ അനുവാദം തേടേണ്ടിവന്നത്. കുഞ്ഞിന്‍റെയോ അമ്മയുടെയോ ആരോഗ്യത്തിനോ ജീവനോ ഭീഷണിയാണെന്ന് മെഡിക്കൽ ബോർഡ് ചൂണ്ടിക്കാട്ടിയാലാണ് കോടതി അനുമതി നൽകാറ്.

പെൺകുട്ടി പഠിക്കുകയാണെന്നും ഭാവിയിൽ ഡോക്ടറാകണമെന്നാണ് ആഗ്രഹമെന്നം ഗർഭം കടുത്ത മാനസികാഘാതം സൃഷ്ടിക്കുകയാണെന്നും ഹരജിയിൽ പറഞ്ഞു. അതേസമയം, ഗർഭസ്ഥശിശുവിന് ആരോഗ്യപ്രശ്നങ്ങളില്ലെന്നും കൃത്യമായ വളർച്ചയാണെന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകി. ഗർഭം അവസാനിപ്പിക്കാനുള്ള പെൺകുട്ടിയുടെ അഭ്യർഥന പരിഗണിച്ച് നിർബന്ധിത പ്രസവത്തിലേക്ക് കടക്കുകയാണെങ്കിൽ ജനിക്കുന്ന കുട്ടിക്ക് തകരാറുകളുണ്ടാകുമെന്ന് മെഡിക്കൽ റിപ്പോർട്ട് ഉദ്ധരിച്ച് കോടതി പറഞ്ഞു. 15 ആഴ്ചകൾ കൂടിയാണ് ഗർഭകാലം പൂർത്തിയാക്കാനുള്ളത്. അതിനാൽ കുഞ്ഞ് ജീവനോടെ തന്നെ ജനിക്കണമെന്നും കോടതി പറഞ്ഞു.

കുഞ്ഞിനെ ദത്ത് നൽകാൻ പെൺകുട്ടിക്ക് താൽപര്യമുണ്ടെങ്കിൽ അതിനുള്ള അവകാശമുണ്ട്. ഗർഭിണികളെ പരിചരിക്കുന്ന സന്നദ്ധ സംഘടനകളുണ്ടെന്നും പെൺകുട്ടിക്ക് ആവശ്യമെങ്കിൽ പ്രസവം വരെ അവരുടെ സഹായം തേടാമെന്നും കോടതി ചൂണ്ടിക്കാട്ടി. 

Tags:    
News Summary - Bombay HC refuses nod to 17-yr-old girl to abort pregnancy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.