താങ്ങാനാവാത്ത ഭാരത്താൽ ബി‌.എൽ‌.ഒമാർ തകർന്നുകൊണ്ടിരിക്കുന്നു; ആസൂത്രിതമല്ലാത്തതും അപകടകരവുമായ എസ്‌.ഐ.ആർ നിർത്താൻ തെരഞ്ഞെടുപ്പ് കമീഷന് കത്തെഴുതി മമത

​കൊൽക്കത്ത: തെരഞ്ഞെടുപ്പ് കമീഷൻ ശരിയായ ആസൂത്രണമില്ലാതെ ബംഗാളിൽ എസ്‌.ഐ.ആർ അടിച്ചേൽപ്പിച്ചുവെന്ന് മുഖ്യമന്ത്രി മമത ബാനർജി. നിലവിലുള്ള നടപടിക്രമങ്ങൾ നിർത്താൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനോട് അവർ കത്തിലൂടെ ആവശ്യപ്പെട്ടു. താങ്ങാനാവാത്ത ഭാരത്തിൽ ബി‌.എൽ‌.ഒമാർ തകർന്നുകൊണ്ടിരിക്കുകയാണെന്ന് മമത പറഞ്ഞു.

‘നടന്നുകൊണ്ടിരിക്കുന്ന എസ്‌.ഐ.ആർ വളരെ ആശങ്കാജനകമായ ഘട്ടത്തിലെത്തിയതിനാൽ ഞാൻ നിങ്ങൾക്ക് എഴുതാൻ നിർബന്ധിതയാകുന്നു. ഈ നടപടിക്രമം ഉദ്യോഗസ്ഥരുടെയും പൗരന്മാരുടെയും മേൽ അടിച്ചേൽപ്പിക്കുന്ന രീതി ആസൂത്രണം ചെയ്യാത്തതും കുഴപ്പങ്ങൾ നിറഞ്ഞതുമാണെന്ന് മാത്രമല്ല, അപകടകരവുമാണ് -മമത സി.ഇ.സി ഗ്യാനേഷ് കുമാറിന് അയച്ച കത്തിൽ വ്യാഴാഴ്ച എഴുതി. എസ്‌.ഐ.ആർ തുടർന്നാൽ തിരിച്ചെടുക്കാനാവാത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും മമത സി.ഇ.സിക്ക് മുന്നറിയിപ്പ് നൽകി.

‘നടന്നുകൊണ്ടിരിക്കുന്ന നടപടിക്രമങ്ങൾ നിർത്തലാക്കാനും, നിർബന്ധിത നടപടികൾ നിർത്താനും, ശരിയായ പരിശീലനവും പിന്തുണയും നൽകാനും, നിലവിലുള്ള രീതിശാസ്ത്രവും സമയക്രമവും സമഗ്രമായി പുനഃപരിശോധിക്കാനും നിങ്ങൾ ദയാപൂർവ്വം ഇടപെടണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും നമ്മുടെ ജനാധിപത്യ ചട്ടക്കൂടിന്റെയും സമഗ്രത സംരക്ഷിക്കുന്നതിന് ഈ ഇടപെടൽ അനിവാര്യവുമാണ്. 

തെരഞ്ഞെടുപ്പ് പ്രക്രിയ വോട്ടർമാരുടെയും പോളിങ് ജീവനക്കാരുടെയും ജീവിതത്തിൽ വരുത്തുന്ന ആഘാതത്തെക്കുറിച്ച് മമത ചൂണ്ടിക്കാട്ടി.ഈ തെറ്റായ മാനേജ്മെന്റിന്റെ മനുഷ്യച്ചെലവ് ഇപ്പോൾ താങ്ങാനാവാത്തതാണ്. ഈ പ്രക്രിയ ആരംഭിച്ചതിനുശേഷം നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മുമ്പ് മൂന്ന് വർഷമെടുത്ത ഒരു പരിഷ്കരണം ഇപ്പോൾ മൂന്ന് മാസത്തേക്ക് നിർബന്ധിതമാക്കപ്പെടുന്നു. അതിന്റെ ആഘാതം മനുഷ്യത്വരഹിതമാണ്.

സംസ്ഥാന സർക്കാറും കമീഷനും തമ്മിലുള്ള വിശ്വാസത്തിന്റെ പൂർണമായ തകർച്ചയുണ്ടെന്ന് മമത തന്റെ രണ്ട് പേജുള്ള കത്തിൽ പറഞ്ഞു. അടിസ്ഥാന തയ്യാറെടുപ്പ്, മതിയായ ആസൂത്രണം അല്ലെങ്കിൽ വ്യക്തമായ ആശയവിനിമയം പോലും ഇല്ലാത്തതിനാൽ ആദ്യ ദിനം മുതൽ തകരാറിലായ ഒരു നടപടിക്രമം കമീഷൻ തുടരുകയാണെന്നും അവർ ആരോപിച്ചു.

ഈ വിടവുകൾ ചെറിയ പിഴവുകളല്ലെന്നും വോട്ടർ പട്ടികയുടെ കൃത്യതയെ തന്നെ ഭീഷണിപ്പെടുത്തുന്ന ഘടനാപരമായ വിള്ളലുകളാണെന്നും മമത വാദിച്ചു. പരിശീലനത്തിലെ ഗുരുതരമായ വിടവുകൾ, നിർബന്ധിത രേഖകളുടെ വ്യക്തതയില്ലായ്മ, വോട്ടർമാരുടെ ഉപജീവനമാർഗ ഷെഡ്യൂളുകൾക്കിടയിൽ വോട്ടർമാരെ കാണാനുള്ള അസാധ്യത എന്നിവ ഈ പ്രക്രിയയെ ഘടനാപരമായി ദുർബലമാക്കിയിരിക്കുന്നു.

അതിശക്തമായ സമ്മർദത്തിലും ശിക്ഷാ നടപടിയെക്കുറിച്ചുള്ള ഭയത്തിലും നിരവധി ബി‌എൽ‌ഒമാർ തെറ്റായതോ അപൂർണമോ ആയ എൻ‌ട്രികൾ സമർപ്പിക്കാൻ നിർബന്ധിതരാകുന്നു. ഇത് യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശം നിഷേധിക്കുന്നതിനും വോട്ടർ പട്ടികയുടെ സമഗ്രത ഇല്ലാതാക്കുന്നതിനും കാരണമാകുന്നു. പ്രക്രിയ ശരിയാക്കുന്നതിനുപകരം, സി‌.ഇ‌.ഒയുടെ ഓഫിസ് ഇതിനകം ബുദ്ധിമുട്ടുന്നവർക്കുമേൽ കൂടുതൽ കർക്കശമാക്കുകയാണെന്നും മമത ആരോപിച്ചു.

പശ്ചിമ ബംഗാൾ സി.‌ഇ‌.ഒയുടെ ഓഫിസ് ഭീഷണിപ്പെടുത്തൽ നടത്തിയിരിക്കുന്നു. ന്യായീകരണമില്ലാതെ കാരണം കാണിക്കൽ നോട്ടീസുകൾ പുറപ്പെടുവിച്ചിരിക്കുന്നു. എസ്‌.ഐ‌.ആറിന്റെ സമയം ബംഗാളിന്റെ കലണ്ടറിൽ നിന്ന് പൂർണമായി വിച്ഛേദിക്കപ്പെട്ടതായി മമത പറഞ്ഞു. സംസ്ഥാനം നെല്ല് വിളവെടുപ്പിനും റാബി വിതയ്ക്കലിനും നടുവിലാണ്. കർഷകരും തൊഴിലാളികളും വർഷത്തിലെ ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യുന്ന കാലയളവിലാണ് ഇത് നടത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

ബംഗാളിൽ എസ്‌.ഐ.ആറുമായി ബന്ധിപ്പിക്കാവുന്ന മരണങ്ങളുടെ എണ്ണം ബൂത്ത് ലെവൽ ഓഫിസർമാർ ഉൾപ്പെടെ 31 ആയി ഉയർന്നതായി തൃണമൂൽ രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയൻ പറഞ്ഞു. കിഴക്കൻ ബർദ്വാനിലെ കൽനയിലെ ഒരു വനിതാ ബി‌.എൽ‌.ഒ നവംബർ 8ന് രാത്രിയിൽ ഉണ്ടായ ഒരു പക്ഷാഘാതത്തെ തുടർന്ന് മരിച്ചു. വോട്ടർ ഡ്രൈവിനിടെ വിശ്രമം ഇല്ലാതെ പ്രവർത്തിച്ചതിന്റെ ഫലമായിരുന്നു അത്. ബുധനാഴ്ച ജൽപൈഗുരിയിലെ മാൽബസാറിൽ മറ്റൊരു ബി.‌എൽ.‌ഒ ആത്മഹത്യ ചെയ്തു.

Tags:    
News Summary - BLO deaths and voter distress; Mamata writes to Election Commission to stop unplanned and dangerous SIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.