Representational Image (Courtesy: PTI)
ന്യൂഡൽഹി: സർ ഗംഗാറാം ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേർക്ക് ചെറുകുടലിൽ ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തി. ഇവർ രണ്ടുപേരും കോവിഡ് മുക്തി നേടിയവരാണ്.
അപൂർവങ്ങളിൽ അപൂർവം എന്നാണ് ചെറുകുടലിലെ ഫംഗസ്ബാധയെ ഡോക്ടർമാർ വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ കൂടുതൽ അവയവങ്ങളെ ഫംഗസ് ബാധിക്കുന്നതായി കണ്ടെത്തുന്നത് ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. രാജ്യത്താകെ 219 പേർ ബ്ലാക്ക് ഫംഗസ് ബാധയേറ്റ് മരിച്ചതായാണ് റിപ്പോർട്ടുകൾ.
നേരത്തെ കോവിഡ് മുക്തി നേടിയ ഇരുവരും പ്രമേഹരോഗികൾ ആണെന്ന് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. അതേസമയം, ഒരാൾ മാത്രമാണ് സ്റ്റിറോയ്ഡ് ഉപയോഗിച്ചിരുന്നത്.
56 വയസ്സുള്ളയാളാണ് ഇതിൽ ഒരു രോഗി. ഇദ്ദേഹത്തിൻറെ മൂന്ന് കുടുംബാംഗങ്ങൾ നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡിൽ നിന്ന് മുക്തി നേടിയ ശേഷം ഇദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടുകയായിരുന്നു. പ്രത്യേക ചികിത്സ തേടാതെ അസിഡിറ്റിയ്ക്കുള്ള മരുന്ന് കഴിച്ചത് നില വഷളാക്കി.
തുടർന്ന് സി.ടി സ്കാൻ നടത്തിയപ്പോൾ ചെറുകുടലിനുള്ളിൽ അസ്വാഭാവികത കണ്ടെത്തുകയും തുടർന്ന് മ്യൂകർമൈകോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തുകയായിരുന്നു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കി.
68 വയസ്സുള്ളയാളാണ് രണ്ടാമത്തെ രോഗി. ഇദ്ദേഹത്തിനും കോവിഡ് മുക്തി നേടിയശേഷം വയറുവേദന അനുഭവപ്പെട്ടിരുന്നു. പ്രമേഹരോഗിയായ ഇദ്ദേഹം സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിച്ചിരുന്നു.
രാജ്യത്ത് ബ്ലാക്ക് ഫംഗസ് രോഗബാധിതരുടെ എണ്ണം പതിനായിരത്തോട് അടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി 8848 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു.
ആകെ രോഗികളുടെ 60 ശതമാനത്തോളം പേരും മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഗുജറാത്ത് (2281), മഹാരാഷ്ട്ര (2000), ആന്ധ്രപ്രദേശ് (910) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടിയ സംസ്ഥാനങ്ങളിലെ കണക്കുകൾ.
കേന്ദ്രത്തിന്റെ കണക്കുപ്രകാരം കേരളത്തിൽ 36 പേരിലാണ് ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തത്. മധ്യപ്രദേശ് (720), രാജസ്ഥാൻ (700), കർണാടക (500) എന്നിങ്ങനെയാണ് കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.