‘ബി.ജെ.പി 200 സീറ്റിന് മുകളിൽ നേടില്ല; അടുത്തത് ഞങ്ങളുടെ ഊഴം, നമുക്ക് കാണാം’; ആത്മവിശ്വാസത്തോടെ സഞ്ജയ് റാവത്ത്

മുംബൈ: നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200 സീറ്റിന് മുകളിൽ നേടാനാവില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു സീറ്റിൽ മത്സരിക്കും. അവയിൽ അദ്ദേഹത്തിന് ജയിക്കാൻ സാധിച്ചേക്കാം. എന്നാൽ, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി 200 സീറ്റിനപ്പുറം പോകില്ലെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് റാവത്ത് പറഞ്ഞത്.

‘ഇത്തവണ 400 സീറ്റ് നേടുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. എന്നാൽ, 200 സീറ്റുപോലും കടക്കാൻ അവർക്ക് കഴിയില്ല. മോദി രണ്ടു സീറ്റിൽ മത്സരിച്ച് രണ്ടിലും ജയി​ച്ചേക്കാം. എന്നാൽ, 2024ലെ തെരഞ്ഞെടുപ്പ് ജയിക്കാൻ അവർക്കാവില്ല. അതുകൊണ്ടാണ് വിവിധ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കന്മാരെ ഭീഷണിപ്പെടുത്തുന്നത്. അത് ഹേമന്ദ് സോറനോ ലാലു പ്രസാദ് യാദ​വോ ഞങ്ങളുടെ പാർട്ടിയിലെ രവീന്ദ്ര വൈക്കാറോ മുൻ മേയർ കിഷോരി പഡ്നേകറോ, അല്ലെങ്കിൽ എന്റെ സഹോദരൻ സന്ദീപ് റാവത്തോ ആയാലും എല്ലാവരെയും വിരട്ടിക്കൊണ്ടിരിക്കുകയാണ്. ഒരു ഏജൻസിയെയും ഞങ്ങൾ ഭയക്കുന്നില്ലെന്നു മാത്രമേ അവരോട് പറയാനുള്ളൂ’ -റാവത്ത് പറഞ്ഞു.

ഹേമന്ദ് സോറനെ എനിക്ക് നന്നായറിയാം. അദ്ദേഹം പേടിച്ചോടുന്ന ആളല്ല. പൊരുതിത്തന്നെ നിൽക്കും. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തോൽവിക്കുശേഷം പിന്നീട് ഞങ്ങളുടെ ഊഴമായിരിക്കും. അ​പ്പോൾ നമുക്ക് കാണാം.

മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടെ യോഗം 11 മണിക്ക് ട്രിഡന്റ് ഹോട്ടലിൽ ചേരും. ശിവസേന, എൻ.സി.പി, കോൺഗ്രസ് പാർട്ടികളുടെ നേതാക്കൾ അതിൽ പ​ങ്കെടുക്കും. ഇതിനു പുറമെ സി.പി.ഐയുമായുള്ള സീറ്റ് ചർച്ചയും പൂർത്തിയായിട്ടുണ്ട്. പ്രകാശ് അംബേദ്കറെയും ക്ഷണിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹവുമായും ചർച്ച നടക്കും. മഹാരാഷ്ട്രയിൽ സീറ്റ് വിഭജനവുമായി ഒരു തർക്കവുമില്ല’ -റാവത്ത് വ്യക്തമാക്കി.

Tags:    
News Summary - ‘BJP won’t be able to cross even 200 seats in 2024 elections’, says Sanjay Raut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.