അഭിഷേക് ബാനർജി
കൊൽക്കത്ത: രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ബി.ജെ.പി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ്. അഭിഷേക് ബാനർജിക്കെതിരായ തുടർച്ചയായ സമൻസ് രാഷ്ട്രീയ വേട്ടയാണെന്നും ബി.ജെ.പിക്ക് അഭിഷേക് ഫോബിയ ആണെന്നും ടി.എം.സി എം.പി ശന്തനു പറഞ്ഞു.
അഭിഷേക് ബാനർജിയുടെ കുടുംബത്തേയും കേന്ദ്ര ഏജൻസികൾ ശല്യപ്പെടുത്തുന്നതായി അദ്ദേഹം ആരോപിച്ചു. അഴിമതിക്കാരായ വ്യക്തികളെ കാവി പാർട്ടിയിൽ ചേരുമ്പോൾ സദ്ഗുണമുള്ള വ്യക്തികളാക്കി മാറ്റുന്ന വാഷിംഗ് മെഷീനോട് ഉപമിച്ച് ടി.എം.സി ബി.ജെ.പിയെ പരിഹസിച്ചിരുന്നു.
അതേസമയം ടി.എം.സി യുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ബി.ജെ.പി നേതാവ് രാഹുൽ സിൻഹ പറഞ്ഞു. അവർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും തൃണമൂൽ നേതാക്കളെ സി.ബി.ഐയോ ഇ.ഡിയോ വിളിക്കുമ്പോഴെല്ലാം അവർ ബി.ജെ.പിയെ കുറ്റപ്പെടുത്തുന്നു. എന്നാൽ ടി.എം.സി ഒരു അഴിമതി പാർട്ടിയാണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമ ബംഗാളിലെ സ്കൂൾ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് നവംബർ 9ന് നേരിട്ട് ഹാജരാകാൻ ത്രിണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് ഇ.ഡി സമൻസ് അയച്ചിരുന്നു. സംസ്ഥാനത്തിന് നൽകാനുള്ള കേന്ദ്ര ഫണ്ട് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന ടി.എം.സി പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ ഒക്ടോബർ 3 ന് സമൻസ് ഒഴിവാക്കിയതിന് ശേഷം ഒക്ടോബർ 9 ന് ഹാജരാകാൻ ബാനർജിക്ക് ഇ.ഡി നേരത്തെ സമൻസ് അയച്ചിരുന്നു.
സെപ്തംബർ 13ന് അധ്യാപക നിയമന അഴിമതിക്കേസിൽ ഇ.ഡി ഒമ്പത് മണിക്കൂറോളം ബാനർജിയെ ചോദ്യം ചെയ്തിരുന്നു. ഇൻഡ്യ സഖ്യത്തിന്‍റെ മീറ്റിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയാനുള്ള ശ്രമമായിരുന്നു ചോദ്യം ചെയ്യലെന്നും അത് പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ ടി.എം.സിയുടെ നിർണായക പങ്കിന്റെ തെളിവാണെന്നും അഭിഷേക് ബാനർജി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.