ബംഗാൾ എസ്.ഐ.ആർ: ഹരജി സുപ്രീംകോടതി 16ന് പരിഗണിക്കും
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയവർക്കും പുറത്താക്കിയതിനെതിരെ അപ്പീൽ നൽകിയവർക്കും നഗരസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുമതി നൽകണമെന്ന ഹരജി ഒക്ടോബർ 16ന് സുപ്രീംകോടതി പരിഗണിക്കും. നവംബറിൽ നടക്കുന്ന കൊൽക്കത്ത, ഹൗറ നഗരസഭാ തെരഞ്ഞെടുപ്പുകൾക്ക് മുമ്പായി വോട്ടർപട്ടികയിൽനിന്ന് പേര് ഒഴിവാക്കപ്പെട്ടവരുടെ അപ്പീലുകളിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് മുതിർന്ന അഭിഭാഷകരായ ഗോപാൽ ശങ്കരനാരായണനും പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടപ്പോഴാണ് നേരത്തേ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മാല്യ ബാഗ്ചി, ജസ്റ്റിസ് വി.മോഹന എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചത്.
വോട്ടർപട്ടികയിൽനിന്ന് നീക്കിയ ലക്ഷക്കണക്കിന് വോട്ടർമാരുടെ പരാതികൾ ആദ്യം കേൾക്കുമെന്നും പട്ടികയിൽനിന്ന് ഒഴിവാക്കാനുള്ള അപ്പീലുകൾ ഏറ്റവും ഒടുവിൽ പരിഗണിക്കുന്ന കാര്യവും പരിശോധിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ 19 അപ്പലേറ്റ് ട്രൈബ്യൂണലുകളിൽ 37.05 ലക്ഷം അപ്പീലുകൾ തീർപ്പാകാതെ കെട്ടിക്കിടക്കുകയാണെന്നും നിലവിലെ വേഗത്തിൽ ഈ അപ്പീലുകൾ തീർപ്പാക്കാൻ 12 വർഷത്തിലധികം സമയമെടുക്കുമെന്നും ഹരജിക്കാരിലൊരാളായ കോൺഗ്രസ് നേതാവ് പ്രസൻജിത് ബോസ് വാദിച്ചു. തെരഞ്ഞെടുപ്പ് കമീഷൻ കണക്കനുസരിച്ച് ഇതുവരെ ആകെ അപ്പീലുകളുടെ മൂന്ന് ശതമാനം മാത്രമാണ് ട്രൈബ്യൂണലുകൾ തീർപ്പാക്കിയത്. കഴിഞ്ഞ ആറുമാസത്തിനിടെ ലക്ഷത്തിലധികം അപ്പീലുകൾ ട്രൈബ്യൂണലുകൾ തീർപ്പാക്കിയതിൽ 93 ശതമാനവും ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് അനുകൂലമായിരുന്നെന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.