ട്രെയിൻ റദ്ദാക്കലും നിയന്ത്രണവും: ഡൽഹിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന
ന്യൂഡൽഹി: സിജെപി പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ട്രെയിൻ റദ്ദാക്കലും യാത്രക്കാരെ വലക്കുന്നു. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കുള്ള അവസാന നിമിഷ വിമാന ബുക്കിംഗിൽ നേരിയ വർധനവുണ്ടായതോടെ ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ഈ വാരാന്ത്യത്തേക്കുള്ള ബുക്കിംഗിൽ നേരിയ വർധനവുണ്ടെന്ന് എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ ഉത്സവ സീസണിന് മുന്നോടിയായി വാരാന്ത്യ വിമാനങ്ങൾ നേരത്തെ തന്നെ നിറഞ്ഞിരുന്നതിനാൽ ട്രെയിൻ യാത്രക്കാർ വിമാനത്തിലേക്ക് മാറുന്നുണ്ടോ എന്ന് ഉറപ്പിച്ച് പറയാറായിട്ടില്ല. തിങ്കളാഴ്ച നവരാത്രി ആരംഭിക്കുന്നതോടെ ഉത്സവ സീസൺ തുടങ്ങാനിരിക്കെ പ്രതിഷേധം നീണ്ടാൽ ആവശ്യക്കാർ കൂടുമെന്നാണ് വിലയിരുത്തൽ.
ഓൺലൈൻ ട്രാവൽ ഏജൻസികളുടെ കണക്കനുസരിച്ച് ലഖ്‌നൗ, പ്രയാഗ്‌രാജ് നഗരങ്ങളിൽ നിന്ന് വെള്ളിയാഴ്ച രാത്രി വരെ സ്പോട്ട് നിരക്കിൽ വലിയ കുതിപ്പുണ്ടായിരുന്നില്ല. എന്നാൽ വാരണാസി-ഡൽഹി റൂട്ടിൽ ശനിയാഴ്ചത്തേക്കുള്ള നിരക്ക് ഒരു മാസം മുൻപത്തേതിനേക്കാൾ 15 ശതമാനം കൂടി. 6,200 മുതൽ 14,000 രൂപ വരെയാണ് ഇപ്പോഴത്തെ വൺവേ നിരക്ക്.
പഞ്ചാബിൽ നിന്നുള്ള നിരക്കാണ് ഏറെ ഉയർന്നത്. അമൃത്സറിൽ നിന്ന് ഡൽഹിയിലേക്ക് സാധാരണ 4,000 രൂപയുള്ള വൺവേ ടിക്കറ്റിന് വെള്ളിയാഴ്ച 8,000 രൂപ വരെ നൽകേണ്ടി വന്നതായാണ് കണക്ക്. ലുധിയാനയിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ശനിയാഴ്ച ദിവസം മുഴുവൻ മാറിക്കൊണ്ടിരുന്നു. 12,987 രൂപ വരെ ഉയർന്ന ശേഷം രാത്രി 8 മണിയോടെ 4,301 രൂപയായി താഴ്ന്നു.
വിദേശത്തേക്ക് കണക്ഷൻ വിമാനമുള്ളവരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ട്രെയിൻ മുടങ്ങിയതോടെ കണക്ഷൻ നഷ്ടപ്പെടാതിരിക്കാൻ ഉയർന്ന നിരക്കിലും ടിക്കറ്റ് എടുക്കാൻ പലരും നിർബന്ധിതരായതായി റിപ്പോർട്ടുകളുണ്ട്. ചണ്ഡീഗഡിൽ നിന്നുള്ള നിരക്കിൽ വെള്ളിയാഴ്ച വൈകിട്ട് വരെ മാറ്റമില്ലായിരുന്നു.
മെട്രോ സർവീസ് തടസ്സപ്പെടുമെന്ന ആശങ്കയും റോഡ് ഗതാഗത നിയന്ത്രണങ്ങളും മൂലം യാത്രക്കാർക്കും ജീവനക്കാർക്കും വിമാനത്താവളത്തിൽ സമയത്ത് എത്താൻ കഴിയുമോ എന്നതാണ് വിമാന കമ്പനികളെ ആശങ്കപ്പെടുത്തുന്നത്. ഇന്ധന വിലയും രൂപയുടെ ഇടിവും കാരണം നേരത്തെ തന്നെ ഉയർന്നു നിൽക്കുന്ന ടിക്കറ്റ് നിരക്ക് പ്രതിഷേധം നീണ്ടാൽ ഇനിയും കൂടുമെന്നാണ് ട്രാവൽ മേഖലയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.