പട്ന: പേരക്കുട്ടികൾക്കൊപ്പം ഹാലോവീൻ ആഘോഷിച്ച ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി. ലാലുവിന്റെ മകൾ രോഹിണിയാണ് ഹാലോവീൻ ആഘോഷത്തിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. ഗ്രിം ചീപ്പറുടെ വേഷത്തിൽ പേരക്കുട്ടികൾക്കൊപ്പം നിൽക്കുന്ന ലാലുവിന്റെ ചിത്രങ്ങളാണ് പങ്കുവെച്ചത്.
അതിനു പിന്നാലെയാണ് ബി.ജെ.പി വിമർശനവുമായി എത്തിയത്. കുംഭ മേളയെ കുറിച്ച് ലാലു പറഞ്ഞ വാചകങ്ങളാണ് ബി.ജെ.പി ആയുധമാക്കിയത്. കുംഭമേള ആഘോഷിക്കാൻ പറ്റില്ല. എന്നാൽ പാശ്ചാത്യരുടെ ഹാലോവീൻ ആഘോഷിക്കുന്നതിന് ആർ.ജെ.ഡിക്ക് ഒരു മടിയുമില്ല എന്നാണ് ബി.ജെ.പി കിസാൻ മോർച്ചയുടെ എക്സ് ഹാൻഡിലിൽ ഉയർന്ന വിമർശനം.
എല്ലാവർഷവും ഒക്ടോബർ 31നാണ് ഹാലോവീൻ ആഘോഷം.
കുംഭമേളക്കും ആത്മീയതക്കും ഒരു പ്രസക്തിയുമില്ലെന്നായിരുന്നു ലാലു പറഞ്ഞിരുന്നത്. അങ്ങനെയുള്ള ആളാണ് ബ്രിട്ടീഷ് ഫെസ്റ്റിവലായ ഹാലോവീൻ ആഘോഷിക്കുന്നത്. ലാലുവിന്റെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയണം എന്നാണ് ബി.ജെ.പി എക്സിൽ കുറിച്ചത്. വിശ്വാസത്തെ തള്ളിപ്പറയുന്ന ആർക്കും ബിഹാർ ജനത വോട്ട് ചെയ്യില്ലെന്നും ബി.ജെ.പി പറഞ്ഞു.
ബിഹാറിൽ നവംബർ ആറിനും 11നും ഇടയിലായി രണ്ടുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 14ന് ഫലമറിയാം.
ഫെബ്രുവരിയിലായിരുന്നു കുംഭമേളയെ വിമർശിച്ച് ലാലു രംഗത്തുവന്നത്. അർഥശൂന്യമായ ഒന്നാണിതെന്നായിരുന്നു ലാലുവിന്റെ അഭിപ്രായം. പ്രയാഗ് രാജിൽ ഈ വർഷം നടന്ന മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ചതിനു പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കവെയായിരുന്നു ലാലുവിന്റെ പരാമർശം. എന്നാൽ ലാലുവിന്റെ പരാമർശം വിവാദമായി. മൃതദേഹങ്ങൾക്കു മേൽ ലാലു രാഷ്ട്രീയം കളിക്കുകയാണെന്ന് ഹിന്ദുത്വ സംഘടന നേതാക്കളും വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.