ന്യൂഡൽഹി: വൻകിട പദ്ധതികൾക്ക് മുൻകാല പ്രാബല്യത്തോടെ പരിസ്ഥിതി അംഗീകാരം നൽകാൻ കേന്ദ്ര സർക്കാർ കീഴ്വഴക്കമാക്കിയ ഓഫിസ് മെമ്മോറാണ്ടം റദ്ദാക്കി സുപ്രീംകോടതി. അപൂർവ സാഹചര്യങ്ങളിൽ മുൻകാല പ്രാബല്യത്തോടെ അംഗീകാരം നൽകുന്ന വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും അത് ഓഫിസ് മെമ്മോറാണ്ടത്തിലൂടെയല്ല, പരിസ്ഥിതി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ മൂന്നിന് കീഴിലുള്ള വിജ്ഞാപനം ഭേദഗതി വരുത്തിയാണ് ചെയ്യേണ്ടതെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പദ്ധതികൾക്ക് മുൻകൂർ പരിസ്ഥിതി അനുമതി നിർബന്ധമാക്കുന്ന 2006ലെ പരിസ്ഥിതി ആഘാത വിശകലന വിജ്ഞാപനത്തെ മറികടക്കുന്നതാണ് 2021ൽ കൊണ്ടുവന്ന ഓഫിസ് മെമ്മോറാണ്ടം എന്ന അഡ്മിനിസ്ട്രേറ്റിവ് ഉത്തരവ്. 2021ലെ ഓഫിസ് മെമ്മോറാണ്ടത്തിൽ വിഭാവനം ചെയ്യുന്ന നിരന്തര പൊതുമാപ്പ് പദ്ധതി 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമത്തിനും, അതിനുകീഴിൽ പുറപ്പെടുവിച്ച 2006ലെ പരിസ്ഥിതി ആഘാത വിജ്ഞാപനത്തിനും കീഴിൽ അനുവദിച്ച പരിധിക്ക് അപ്പുറം പോകുന്നതാണെന്ന നിരീക്ഷണത്തോടെയാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഓഫിസ് മെമ്മോറാണ്ടം റദ്ദാക്കിയത്. 2021ലെ ഓഫിസ് മെമ്മോറാണ്ടത്തിന്റെയോ 2017ലെ വിജ്ഞാപനത്തിന്റെയോ പ്രയോജനം നേടിക്കഴിഞ്ഞ പദ്ധതികളെ ഇന്നത്തെ ഉത്തരവ് ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.