മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ വൻ മാർച്ച്; രണ്ടായിരത്തിലധികം പേർ സമരത്തിൽ, ഐക്യദാർഢ്യവുമായി സി.ജെപിയും ജെൻ-ഇസഡും

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ വസതിയിലേക്ക് രണ്ടായിരത്തിലധികം കർഷകരുടെ വൻ മാർച്ച്. മാർച്ചിന് പിന്തുണയുമായി സി.ജെ.പി പ്രവർത്തകരും എത്തി. വിളകളും വളവും സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള 'ഇ-ടോക്കൺ' സംവിധാനം റദ്ദാക്കണമെന്നും, പയർവർഗ്ഗ വിളകൾ പൂർണ്ണമായും സർക്കാർ സംഭരിക്കണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്. ഒരാഴ്ചത്തേക്കുള്ള ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളുമായി എത്തിയ രണ്ടായിരത്തിലധികം കർഷകരാണ് പോലീസ് ബാരിക്കേഡുകൾ തകർത്ത് ഭോപ്പാൽ നഗരത്തിലേക്ക് പ്രവേശിച്ചത്.

നർമ്മദാപുരം ജില്ലയിൽ നിന്ന് സംയുക്ത കിസാൻ മോർച്ചയുടെ ബാനറിൽ ആരംഭിച്ച മാർച്ച് നിലവിൽ മുഖ്യമന്ത്രിയുടെ വസതിയിൽ നിന്ന് എട്ട് കിലോമീറ്റർ അകലെ സവർക്കർ പാലത്തിന് സമീപം തമ്പടിച്ചിരിക്കുകയാണ്. 'ജയ് ജവാൻ, ജയ് കിസാൻ' പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയാണ് കർഷകർ സമരത്തിൽ പങ്കെടുക്കുന്നത്. കർഷകരുമായി സർക്കാർ നടത്തിയ ആദ്യഘട്ട ചർച്ച പരാജയപ്പെട്ടു. പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി പ്രത്യേക മന്ത്രിതല സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

അതേസമയം, കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി നേതാക്കളും ജെൻ-ഇസഡ് വിഭാഗത്തിൽപ്പെട്ട യുവജനങ്ങളും സമരമുഖത്ത് എത്തിയിട്ടുണ്ട്. ഡൽഹിയിലെ കർഷക സമര നേതാവ് രാകേഷ് ടികായത്തുമായി സി.ജെ.പി നേതാക്കൾ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് സംസ്ഥാനത്തും സമരങ്ങൾക്ക് പിന്തുണയേറുന്നത്. കർഷകർ പിന്നോട്ടുപോകാത്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും റാപ്പിഡ് ആക്ഷൻ ഫോഴ്സും പ്രത്യേക സേനയും അടക്കം വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

Tags:    
News Summary - മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കർഷകരുടെ വൻ മാർച്ച്; രണ്ടായിരത്തിലധികം പേർ സമരത്തിൽ, ഐക്യദാർഢ്യവുമായി സി.ജെപിയും ജെൻ-ഇസഡും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.