കൊൽക്കത്ത: വോട്ടർ ഐ.ഡി, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ ഇന്ത്യൻ പൗരത്വത്തിന്റെ നിർണായക തെളിവല്ലെന്ന് കൽക്കത്ത ഹൈകോടതി. പശ്ചിമ ബംഗാളിൽ നടന്ന പ്രത്യേക തീവ്ര പരിഷ്കരണ പ്രക്രിയയിൽ വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കിയതിനെ തുടർന്ന് തന്റെ അനന്തരവൻ നാസിറിനെ തടങ്കൽ പാളയത്തിലടച്ചതിനെതിരെ സുമൻ മൊല്ല സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിരീക്ഷണം. നാസിറിന്റെ വോട്ടർ ഐഡന്റിറ്റി കാർഡ്, ആധാർ കാർഡ്, ആദായനികുതി വകുപ്പ് നൽകിയ പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന് വാദിച്ചത്. ജസ്റ്റിസുമാരായ ദേബാങ്സു ബസക്, അജയ് കുമാർ ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വോട്ടർ ഐഡന്റിറ്റി കാർഡുകൾ, ആധാർ, പാൻ കാർഡുകൾ എന്നിവ ഇന്ത്യൻ പൗരത്വത്തിന്റെ നിർണായക തെളിവല്ലെന്ന് വിധിച്ചു. വോട്ടർ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഒരു വ്യക്തി വോട്ടർ പട്ടികയിൽ പേരുള്ളതായി മാത്രമേ തെളിയിക്കാൻ കഴിയൂ എന്ന് നിരീക്ഷിച്ച ബെഞ്ച്, 2026 ലെ എസ്.ഐ.ആർ പ്രക്രിയയിൽ നസീറിന്റെ പേര് ഇല്ലാതാക്കിയെന്ന് ചൂണ്ടിക്കാട്ടി. ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഇന്ത്യൻ പൗരത്വത്തിന്റെ തെളിവല്ലെന്നും കോടതി വിധിച്ചു.
ഹരജിക്കാരനോ തടവുകാരനോ നസീറിന്റെ ഇന്ത്യൻ പൗരത്വം സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി ഹേബിയസ് കോർപസ് ഹരജി തള്ളി. അധികാരികളുടെ തീരുമാനത്തിൽ ഇടപെടാൻ താൽപര്യമില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. 2025 മേയ് രണ്ടിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ സർക്കുലർ പ്രകാരം, 2026 ജൂൺ 18ന് നസീറിനെ കസ്റ്റഡിയിലെടുത്ത് തടങ്കൽ കേന്ദ്രത്തിൽ പാർപ്പിച്ചതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
സർക്കുലർ പ്രകാരം, ഇന്ത്യൻ പൗരത്വം സ്ഥാപിക്കാൻ ഒരു തടവുകാരന് 60 ദിവസം നൽകും. ജൂലൈ 20ന് വിധി വരുംവരെ, നസീറിന് പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കോടതി പറഞ്ഞു. നസീറുമായി ഫോണിൽ സംസാരിക്കാൻ ഹരജിക്കാരന്റെ അഭിഭാഷകന് ബെഞ്ച് അനുമതി നൽകി. തന്റെ മാതാപിതാക്കൾ ഇന്ത്യയിൽ ജീവിച്ചുമരിച്ചവരാണെന്ന് നസീർ അവകാശപ്പെട്ടെങ്കിലും അവരെ എവിടെയാണ് അടക്കം ചെയ്തതെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.