ഭരണഘടനയെ തകർക്കാനുള്ള അജണ്ടയാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും -കോൺഗ്രസ്

ന്യൂഡൽഹി: ബി.ജെ.പിക്കും ആർ.എസ്.എസിനും ഭരണഘടനയെ തകർക്കാനും മാറ്റി എഴുതാനുമുള്ള വക്രമായ അജണ്ടയുണ്ടെന്ന് കോൺഗ്രസ്. ഭൂരിപക്ഷം ലഭിച്ചാൽ രാജ്യത്തെ ഭരണഘടന മാറ്റിയെഴുതുമെന്ന കർണാടകയിലെ ബി.ജെ.പി എം.പി അനന്ത് കുമാർ ഹെഗ്ഡെയുടെ പരാമർശത്തെ തുടർന്നാണ് കോൺഗ്രസിന്‍റെ പ്രതികരണം. ബി.ജെ.പി എം.പിയുടെ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അവരുടെ സംഘപരിവാറിന്‍റെയും മറഞ്ഞിരിക്കുന്ന ഉദ്ദേശ്യങ്ങളുടെ പരസ്യ പ്രഖ്യാപനമാണെന്ന് കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

നരേന്ദ്ര മോദിയുടെയും ബി.ജെ.പിയുടെയും ആത്യന്തിക ലക്ഷ്യം അംബേദ്കറിന്‍റെ ഭരണഘടന തകർക്കുകയാണ്. നീതി, സമത്വം, പൗരാവകാശങ്ങൾ, ജനാധിപത്യം എന്നിവയെ അവർ വെറുക്കുന്നു. സമൂഹത്തെ വിഭജിച്ചും, മാധ്യമങ്ങളെ അടിമകളാക്കിയും, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ചവിട്ടിമെതിച്ചും, സ്വതന്ത്ര സ്ഥാപനങ്ങളെ തകർത്തും, പ്രതിപക്ഷത്തെ ഉന്മൂലനം ചെയ്യാൻ ഗൂഢാലോചന നടത്തി ഇന്ത്യയുടെ മഹത്തായ ജനാധിപത്യത്തെ സങ്കുചിത സ്വേച്ഛാധിപത്യമാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

എം.പിയുടെ പ്രസ്താവന സ്വേച്ഛാധിപത്യം അടിച്ചേൽപ്പിക്കാനുള്ള മോദിയുടെയും ആർ.എസ്.എസിന്‍റെയും വഞ്ചനാപരമായ അജണ്ടയെ വീണ്ടും തുറന്നുകാട്ടുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. മോദി സർക്കാരും ബി.ജെ.പിയും ആർ.എസ്.എസും ഏകാധിപത്യം അടിച്ചേൽപ്പിക്കാൻ രഹസ്യമായി ആഗ്രഹിക്കുന്നു, അതിലൂടെ അവർ തങ്ങളുടെ 'മനുവാദി മനസ്സ്' ഇന്ത്യയിലെ ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും എസ്‌.സി, എസ്.ടി, ഒ.ബി.സി എന്നിവരുടെ അവകാശങ്ങൾ കവർന്നെടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം എക്‌സ് പോസ്റ്റിൽ പറഞ്ഞു.

"തെരഞ്ഞെടുപ്പുകളൊന്നും ഉണ്ടാകില്ല, അല്ലെങ്കിൽ പരമാവധി വെറും വ്യാജ തെരഞ്ഞെടുപ്പുകൾ. ആവിഷ്‌കാര സ്വാതന്ത്ര്യം ബുൾഡോസർ ചെയ്യപ്പെടും. ആർ.എസ്.എസും ബി.ജെ.പിയും നമ്മുടെ മതേതര ഘടനയും നാനാത്വത്തിലെ ഏകത്വവും തകർക്കും. സംഘപരിവാറിന്‍റെ ഈ "ഗൂഢലക്ഷ്യങ്ങൾ" വിജയിക്കാൻ കോൺഗ്രസ് അനുവദിക്കില്ല- ഖാർഗെ വ്യക്തമാക്കി.

കാലാകാലങ്ങളിൽ ബി.ജെ.പി-ആർ.എസ്.എസ് നടത്തുന്ന ഇത്തരം ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ "നമ്മുടെ ഭരണഘടനാ നിർമാതാക്കൾ ഉയർത്തിപ്പിടിക്കുന്ന പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യത്തിന്‍റെ ധാർമികതക്കെതിരായ നേരിട്ടുള്ള ആക്രമണം ആണെന്നും അദ്ദേഹം ആരോപിച്ചു.

നീതി, സമത്വം, സ്വാതന്ത്ര്യം എന്നിവയാണ് ഭരണഘടനയുടെ ശക്തമായ തൂണുകൾ, ഈ തത്വങ്ങളിലെ ഏത് മാറ്റവും ബാബാസാഹെബ് ഡോ. അംബേദ്കറും നമ്മുടെ ബഹുമാന്യരായ സ്ഥാപകരും വിഭാവനം ചെയ്ത ഇന്ത്യയെ അപമാനിക്കുമെന്നും നമ്മുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - BJP, RSS have devious agenda of re-writing, destroying Constitution: Congress over BJP MPs remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.