ലഖ്നോ: യു.പിയിലെ മെയിൻപുരി ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മുൻ എം.പിയെ സ്ഥാനാർഥിയാക്കി ബി.ജെ.പി. സമാജ്‍വാദി പാർട്ടിയുടെ ഡിംപിൾ യാദവിനെതിരെ മുൻ എം.പി രഘുരാജ് സിങ് ശഖ്യയാണ് മത്സരിക്കുക. ഒക്ടോബർ 10ന് എസ്.പി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തോടെയാണ് സീറ്റ് ഒഴിവ് വന്നത്. മുലായം സിങ് യാദവിന്റെ മകൻ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിംപിൾ യാദവ്.
മുലായം സിങ്ങിനോട് തെറ്റി പ്രഗതിശീൽ സമാജ്‍വാദി പാർട്ടിയുണ്ടാക്കിയ ശിവപാൽ യാദവിനൊപ്പമായിരുന്നു രഘുരാജ് സിങ് സഖ്യ. ഈ വർഷം ആദ്യമാണ് ശഖ്യ ബി.ജെ.പിയിൽ ചേർന്നത്.
മെയിൻപുരി എസ്.പിയുടെ കോട്ടയായാണ് കണക്കാക്കുന്നത്. എന്നാൽ അസംഗഡിലെയും രാംപൂരിലെയും ലോക്സഭാ സീറ്റുകൾ പിടിച്ചെടുത്തതുപോലെ മെയിൻപുരിയും പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. അനന്തരവനായ അഖിലേഷ് യാദവിനോട് ശിവ്പാൽ യാദവിനുള്ള വൈരാഗ്യവും തങ്ങൾക്കനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
യു.പിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഖതൗലി, രാംപുർ നിയമസഭാ സീറ്റുകളിലേക്കും ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേസുകളിൽ പ്രതികളായതിനെ തുടർന്ന് ഈ മണ്ഡലങ്ങളിലെ എം.എൽ.എമാരെ അയോഗ്യരാക്കിയതാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്. രാജ്കുമാരി സൈനിയെയും ആകാശ് സക്സേനയെയുമാണ് ഖതൗലിയിൽ നിന്നും രാംപുരിൽ നിന്നും യഥാക്രമം മത്സരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.