ലഖ്നോ: ബി.ജെ.പി എം.പി സതീഷ് ഗൗതം ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത വിഡിയോ ആണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. യു.പിയിലെ അലിഗഢിൽ സംഘടിപ്പിച്ച പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വേദിയിലിരിക്കുന്ന എം.പിയുടെ കൈകൾ സമീപത്തെ വനിത എം.എൽ.എയുടെ തോളിലാണ്.
വനിത എം.എൽ.എ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടും സതീഷ് ഗൗതം കൈ അവരുടെ തോളിൽ നിന്ന് എടുക്കുന്നില്ല. തുടർന്ന് ഗത്യന്തരമില്ലാതെ സീറ്റ് മാറിയിരിക്കുകയാണ് വനിത എം.എൽ.എ. സെപ്റ്റംബർ 25ന് നടന്ന പരിപാടിയിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ശ്രീറാം ബാങ്ക്വറ്റ് ഹാളിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജൻദിനാചരണം സംഘടിപ്പിച്ചതായിരുന്നു.
ഗതാഗത മന്ത്രി ദയ ശങ്കർ സിങ്, ഉന്നത വിദ്യാഭ്യാസമന്ത്രി യോഗേന്ദ്ര ഉപാധ്യായ്, മുൻ മേയർ ശകുന്തള ഭാരതി, ബി.ജെ.പി എക്സിക്യൂട്ടീവ് അംഗം പൂനം ബജാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിജയ് സിങ് എന്നിവരും സ്റ്റേജിലുണ്ടായിരുന്നു. ഗൗതമിന്റെ ചെയ്തികൾ ബി.ജെ.പി എം.എൽ.എ ബറോലി താക്കൂർ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വിഡിയോയിൽ കാണാം. ദൃശ്യം വൈറലായതോടെ ബി.ജെ.പി എം.പിക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.