‘50 തൃണമൂൽ എം.എൽ.എമാരും 20 എം.പിമാരും കൂറുമാറും’; അവകാശ വാദവുമായി ബി.ജെ.പി എം.പി

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ 50 എം.എൽ.എമാരും 20 എം.പിമാരും ബി.ജെ.പിയിൽ ചേരുമെന്ന അവകാശ വാദവുമായി ബി.ജെ.പി എം.പി സൗമിത്ര ഖാൻ. പാർട്ടിയുടെ കേന്ദ്രനേതൃത്വം അനുമതി നൽകിയാൽ പാർട്ടി മാറാൻ അവർ തയാറാണെന്നും സൗമിത്ര ഖാൻ പറഞ്ഞു. ബുധനാഴ്ച മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘താൽപര്യം പ്രകടിപ്പിച്ച നേതാക്കളെ ഉൾപ്പെ​ടുത്താൻ ബി.ജെ.പി നേതൃത്വം തീരുമാനിച്ചാൽ തൃണമൂൽ കോൺഗ്രസ് ഒരു രാഷ്ട്രീയ ശക്തിയായി നിലനിൽക്കില്ല. എല്ലാവരും വരാൻ തയാറാണ്. 50 എം.എൽ.എമാർ തൃണമൂൽ കോൺഗ്രസിൽ അതൃപ്തരാണ്. 20 എം.പിമാർ ബി.ജെ.പിയിൽ ചേരാൻ തയാറാണ്’ -സൗമിത്ര ഖാൻ പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിക്കെതിരെയും സൗമിത്ര ഖാൻ രൂക്ഷ വിമർശനം ഉന്നയിച്ചു. അഭിഷേക് ബാനർജിയെ ‘പാപി’യെന്ന് വിശേഷിപ്പിച്ച അദ്ദേഹം ‘പാപികൾ ജയിലിൽ പോകണം’ എന്നും പറഞ്ഞു. ‘ഇന്ന് ​അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ബുൾഡോസർ നിൽക്കുന്നു. 2021ൽ അദ്ദേഹം ബി.ജെ.പി പ്രവർത്തകരുടെ വീടുകൾ തകർത്തു. പാപികൾ ഉടൻതന്നെ അതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കണം. അവർ നരകത്തിലേക്ക് പോകണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, സൗമിത്ര ഖാന്റെ അവകാശ വാദങ്ങളെ തൃണമൂൽ കോൺഗ്രസ് തള്ളികളഞ്ഞു. അവകാശവാദം പൂർണമായും തെറ്റാണെന്നും ബി.ജെ.പിയും നേതാക്കളും​ തെറ്റായ പ്രചാരണം നടത്തുകയാണെന്നും തൃണമൂൽ എം.പി സൗഗത റോയ് പ്രതികരിച്ചു.

അതേസമയം, തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായതായാണ് റിപ്പോർട്ട്. പാർട്ടിയിലെ ആഭ്യന്തര വിയോജിപ്പുകളെ തുടർന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ നിരവധി കൗൺസിലർമാർ രാജിവെച്ചിരുന്നു. ബംഗാളിൽ അടുത്ത വർഷം തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തൃണമൂൽ കോൺഗ്രസിലെ കലഹങ്ങളും കൂറുമാറ്റ ഭീഷണികളും പുറത്തുവരുന്നത്. ഇതോടൊപ്പം അഴിമതി ആരോപണങ്ങളെ തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണവും പുരോഗമിക്കുന്നുണ്ട്. 

Tags:    
News Summary - BJP MP claims 50 Trinamool MLAs 20 MPs ready to defect as Bengal turmoil deepens

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.