ഗോരഖ്പൂർ (യു.പി): ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സമൂഹമാധ്യമത്തിലൂടെ അപമാനകരമായ പരാമർശം നടത്തിയ ബി.ജെ.പി എം.എൽ.എയുടെ സഹോദരനെ അറസ്റ്റ് ചെയ്തു.
മഹേന്ദ്ര പാൽ സിങ് എം.എൽ.എയുടെ സഹോദരൻ ഭോലേന്ദ്ര പാൽ സിങ്ങിനെതിരെയാണ് നടപടി. വിവാദ പോസ്റ്റ് പുറത്തുവന്ന് മൂന്നു ദിവസത്തിനകം ആറ് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തു. അറസ്റ്റിനുശേഷം സാമുദായിക ഐക്യം തകർക്കാൻ ശ്രമിച്ചെന്ന ഒരു കേസുകൂടി രജിസ്റ്റർ ചെയ്തു. മൊത്തം ഏഴ് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
പോസ്റ്റ് പിൻവലിച്ചെങ്കിലും അതിന്റെ സ്‍ക്രീൻഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രയാഗ് രാജ് (യു.പി): വാരാണസി ജഡ്ജിയുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ച കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി സമർപ്പിച്ച ഹരജിയിൽ അലഹബാദ് ഹൈകോടതി ബുധനാഴ്ച വാദം കേൾക്കും. 2024ൽ അമേരിക്കയിലെ സിഖുകാരെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാരാണസിയിലെ പ്രത്യേക ജഡ്ജി (എം.പി-എം.എൽ.എ കോടതി) കേസ് എ.സി.ജെ.എം കോടതിയിലേക്ക് തിരിച്ചയക്കുകയായിരുന്നു.
രാഹുലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാരാണസി നിവാസിയായ മിശ്രയാണ് അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നത്. കഴിഞ്ഞ വർഷം നവംബർ 28ന് കേസ് കോടതി നിരസിച്ചിരുന്നു. അമേരിക്കയിൽ നടന്ന പ്രസംഗം അധികാരപരിധിക്ക് പുറത്താണെന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്. എന്നാൽ, പരാതിക്കാരൻ മേൽക്കോടതിയെ സമീപിച്ചതോടെ എ.സി.ജെ.എമ്മിനോട് വിഷയം വീണ്ടും കേൾക്കാൻ നിർദേശിക്കുകയായിരുന്നു. 2024 സെപ്റ്റംബറിൽ അമേരിക്കയിൽ നടന്ന പരിപാടിയിൽ ‘ഇന്ത്യയിലിപ്പോൾ സിഖുകാർക്ക് പറ്റിയ സാഹചര്യമല്ലെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞതായാണ് ആരോപണം.
വാരാണസി കോടതിയുടെ ഉത്തരവ് തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും അധികാരപരിധിയില്ലാത്തതാണെന്നും വാദിച്ചുകൊണ്ടാണ് കോൺഗ്രസ് അലഹബാദ് ഹൈകോടതിയിൽ റിവിഷൻ ഹരജി ഫയൽ ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.