കോൺഗ്രസിൽ ചേർന്ന ബി.ജെ.പി എം.എൽ.എ ഗോപാലകൃഷ്ണക്ക് ബംഗളൂരുവിലെ
കെ.പി.സി.സി ഓഫിസിൽ നടന്ന ചടങ്ങിൽ ഡി.കെ. ശിവകുമാർ പാർട്ടി പതാക കൈമാറുന്നു
ബംഗളൂരു: വിജയനഗര കുട്ലിഗിയിലെ ബി.ജെ.പി എം.എൽ.എ ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേർന്നു. കഴിഞ്ഞ വെള്ളിയാഴ്ച നിയമസഭാംഗത്വം രാജിവെച്ച അദ്ദേഹം തിങ്കളാഴ്ച കോൺഗ്രസ് ഓഫിസിൽ കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിൽനിന്ന് പാർട്ടി അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് അധികാരത്തിൽ വരുന്നതിന് അനുകൂലമായ പൊതുവികാരമാണുള്ളതെന്നും തെരഞ്ഞെടുപ്പിന് മുമ്പായി നിരവധി ബി.ജെ.പി, ജെ.ഡി-എസ് നേതാക്കൾ കോൺഗ്രസിൽ ചേരുമെന്ന് ശിവകുമാർ പറഞ്ഞു.
ആറുതവണ എം.എൽ.എയായ ഗോപാലകൃഷ്ണ മുമ്പ് കോൺഗ്രസ് ടിക്കറ്റിൽ ചിത്രദുർഗയിലെ മൊളകാൽമുരുവിൽനിന്ന് നാലുതവണയും ബെള്ളാരിയിൽനിന്ന് ഒരുതവണയും എം.എൽ.എയായിട്ടുണ്ട്. 2018ൽ കോൺഗ്രസ് ടിക്കറ്റ് നിഷേധിച്ചതോടെ ബി.ജെ.പിയിൽ ചേക്കേറിയ അദ്ദേഹം കുട്ലിഗിയിൽനിന്ന് വിജയിച്ചു.
കഴിഞ്ഞ ദിവസം എം.എൽ.എ സ്ഥാനം രാജിവെച്ച ജെ.ഡി-എസ് നേതാവ് ശിവലിംഗ ഗൗഡയും ഉടൻ കോൺഗ്രസിൽ ചേരുമെന്ന് ശിവകുമാർ സൂചിപ്പിച്ചു. നിയമനിർമാണ കൗൺസിൽ അംഗത്വം രാജിവെച്ച ബി.ജെ.പി നേതാക്കളായ പുട്ടണ്ണയും ബാബുറാവു ചിഞ്ചാൻസൂറും കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണ്. മാർച്ച് 27ന് നിയമസഭാംഗത്വം രാജിവെച്ച ജെ.ഡി-എസിന്റെ ഗുബ്ബി എം.എൽ.എ എസ്.ആർ. ശ്രീനിവാസ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നിരുന്നു.
‘ഇരട്ട എൻജിൻ സർക്കാറിന്റെ’ പരാജയം ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഫലമാണ് ജനവികാരം കോൺഗ്രസിന് അനുകൂലമാക്കിയതെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. പാർട്ടിയിലേക്ക് നിരവധിപേർ വരാൻ തയാറായിട്ടുണ്ട്. എല്ലാവർക്കും സ്ഥാനാർഥിത്വം നൽകുമെന്ന് പറഞ്ഞിട്ടില്ല. എല്ലാ പേരും പരിശോധിക്കും. യോഗ്യരായവരെ മത്സരിപ്പിക്കും. ചില നേതാക്കൾ നിരുപാധികം കോൺഗ്രസിൽ ചേരുന്നുണ്ടെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.