‘മോദി ഇല്ലെങ്കിൽ ബി.ജെ.പി 150 സീറ്റ് പോലും നേടില്ലായിരുന്നു’; 75 വയസ്സ് കഴിഞ്ഞാലും മാറേണ്ടെന്ന് നിഷികാന്ത് ദുബെ

ന്യൂഡൽഹി: 2014 മുതലുള്ള ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയത്തിൽ നിർണായകമായത് ‘മോദി ഫാക്ടറാ’ണെന്ന് നിഷികാന്ത് ദുബെ എം.പി. മോദിയുടെ വ്യക്തിപ്രഭാവവും രാഷ്ട്രീയ നേതൃപാടവവും വലിയ രീതിയിൽ ജനത്തെ സ്വാധീനിച്ചെന്നും അത് വോട്ടായി മാറിയെന്നും ബി.ജെ.പി എം.പി അവകാശപ്പെട്ടു. മോദിയായിരുന്നില്ല തങ്ങളുടെ നേതാവെങ്കിൽ ബി.ജെ.പിക്ക് 150 സീറ്റുപോലും തെരഞ്ഞെടുപ്പിൽ കിട്ടില്ലായിരുന്നുവെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ദുബെ പറഞ്ഞു.

“ഇപ്പോൾ മോദിജി മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിൽ എത്തിയിരിക്കുന്നു. മോദിജി അല്ലായിരുന്നു ഞങ്ങളുടെ നേതാവെങ്കിൽ, ബി.ജെ.പിക്ക് ചിലപ്പോൾ 150 സീറ്റുപോലും നേടാൻ കഴിഞ്ഞേക്കില്ല. മോദിജി നേതാവായി എത്തിയതോടെ, ഒരിക്കലും ബി.ജെ.പിയുടേതല്ലാത്ത വോട്ടുബാങ്കുകളും പാവപ്പെട്ടവും കൂടുതലായി പാർട്ടിയുടെ പക്ഷത്തേക്ക് ചാഞ്ഞു. അദ്ദേഹത്തിൽ അവർക്കുള്ള വിശ്വാസമാണത്. ചിലർക്ക് അത് ഇഷ്ടമല്ലെങ്കിലും, യാഥാർഥ്യം അതാണ്.

ബി.ജെ.പിക്ക് മോദിജിയെ ആവശ്യമാണ്. 2047ഓടെ ‘വികസിത ഭാരത’മെന്ന ലക്ഷ്യം നേടാൻ പാർട്ടിക്ക് അദ്ദേഹത്തിന്‍റെ നേതൃത്വം ആവശ്യമുണ്ട്” -നിഷികാന്ത് ദുബെ പറഞ്ഞു. പാർട്ടി നേതാക്കൾ 75 വയസ്സു കഴിഞ്ഞാൽ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് വിരമിക്കണമെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്‍റെ അഭിപ്രായത്തിൽ പ്രതികരിച്ച ദുബെ, മോദി അത്തരത്തിൽ മാറിനിൽക്കേണ്ട ആളല്ല എന്ന് പറഞ്ഞു. മോദി അധികാരത്തിൽ എത്തിയ ശേഷമാണ് ഇപ്പോൾ കാണുന്ന നിലയിലേക്ക് ബി.ജെ.പി വളർന്നതെന്നും ദുബെ കൂട്ടിച്ചേർത്തു.

തുടർച്ചയായ മൂന്നാം തവണയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ജയിച്ച് മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ രൂപവത്കരിച്ചത്. 2014ലും 2019ലും മൃഗീയ ഭൂരിപക്ഷം നേടിയ ബി.ജെ.പിക്ക് 2024ൽ നേരിയ തിരിച്ചടി നേരിട്ടതോടെ സീറ്റുകളുടെ എണ്ണം 240 ആയി കുറഞ്ഞു. 2014ൽ 282, ’19ൽ 303 എന്നിങ്ങനെയായിരുന്നു ബി.ജെ.പി ജയിച്ച സീറ്റുകളുടെ എണ്ണം. നിതീഷ് കുമാറിന്‍റെ ജെ.ഡി.യു, എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ടി.ഡി.പി പാർട്ടികളുടെ പിന്തുണയോടെയാണ് മൂന്നാം മോദി സർക്കാർ അധികാരത്തിലേറിയത്. പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി അണിനിരന്ന് ബി.ജെ.പിയുടെ ഏകപക്ഷീയ മുന്നേറ്റത്തിന് തടയിടുകയായിരുന്നു.

Tags:    
News Summary - BJP may not even win 150 seats without Modi as its leader: Nishikant Dubey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.