ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് വിദേശ ഇടപെടൽ ആവശ്യപ്പെടുന്നു; വിമർശിച്ച് ബി.ജെ.പി

ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശരാജ്യങ്ങളെ ഇടപ്പെടുത്താനാണ് കോൺഗ്രസിന്റേയും നേതാക്കളായ രാഹുൽ ഗാന്ധിയുടേയും ദ്വിഗ്‍വിജയ് സിങ്ങിന്റെയും ശ്രമമെന്ന വിമർശനവുമായി ബി.ജെ.പി. രാഹുൽ ഗാന്ധി​യെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ട് ജർമ്മൻ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ ദ്വിഗ്വിജയ് സിങ് നന്ദിയറിയിച്ചിരുന്നു. ഇക്കാര്യത്തിലാണ് ബി.ജെ.പി വിമർശനം.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ ആവശ്യപ്പെടുകയാണ് കോൺഗ്രസ് ​നേതൃത്വം ചെയ്യുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശശക്തികളെ ഇടപെടാൻ ക്ഷണിച്ചതിന് രാഹുൽ ഗാന്ധിയോട് നന്ദി പറയുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജ്ജുവും ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ ചരി​​ത്രത്തിൽ ഇതാദ്യമായാണ് രാജ്യത്തിന്റെ ജനാധിപത്യത്തിൽ വിദേശശക്തികൾ ഇടപെടുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് അമിത് മാളവ്യയുടെ വിമർശനം.

ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങൾ രാഹുൽ ഗാന്ധിയുടെ കേസിൽ ബാധകമാക്കണമെന്ന് ജർമനി. മാനനഷ്ട കേസിനു പിന്നാലെ രാഹുലിന്‍റെ ലോക്സഭ അംഗത്വം റദ്ദാക്കിയതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ജർമൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യൻ പ്രതിപക്ഷ രാഷ്ടീയ നേതാവായ രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയും പിന്നാലെ അദ്ദേഹത്തിന്‍റെ ലോക്സഭ അംഗത്വം റദ്ദാക്കിയതും ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. വിധിക്കെതിരെ രാഹുലിന് അപ്പീൽ നൽകാനാകുമെന്നാണ് ഞങ്ങളുടെ അറിവെന്നും മന്ത്രാലയം വക്താവ് പറഞ്ഞു. ഈ വിധി നിലനിൽക്കുമോയെന്നും അദ്ദേഹത്തെ അയോഗ്യനാക്കിയതിന് എന്തെങ്കിലും അടിസ്ഥാനമുണ്ടോ എന്നും അപ്പോൾ മാത്രമേ വ്യക്തമാകു. ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും ജനാധിപത്യത്തിന്‍റെ മൗലിക തത്വങ്ങളും കേസിൽ ബാധകമാകുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ബി.ജെ.പി വിമർശനം ഉന്നയിച്ചത്. 

Tags:    
News Summary - BJP leaders accuse Congress of seeking 'foreign interference'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.