കൻവാർ ലാൽ മീണ
ജയ്പൂർ: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എൽ.എയുടെ അംഗത്വം രാജസ്ഥാൻ നിയമസഭ റദ്ദാക്കി. സബ് ഡിവിഷനൽ മജിസ്ട്രേറ്റിനുനേരെ തോക്കുചൂണ്ടിയ സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ബി.ജെ.പി എം.എൽ.എ കൻവാർ ലാൽ മീണയുടെ അംഗത്വമാണ് റദ്ദാക്കിയത്. കേസിൽ മൂന്നു വർഷത്തേക്കാണ് മീണയെ ശിക്ഷിച്ചത്.
വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയ കോടതി രണ്ടാഴ്ചക്കകം കീഴടങ്ങാൻ മീണയോട് നിർദേശിച്ചിരുന്നു. നിലവിൽ ജയിലിൽ കഴിയുകയാണ് മീണ. മേയ് ഒന്നുമുതൽ മീണയുടെ അംഗത്വം റദ്ദുചെയ്തതായി നിയമസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
2005ലാണ് കേസിനാസ്പദമായ സംഭവം. അക് ലേര ടൗൺ സബ് ഡിവിഷനൽ മജിസ്ട്രേറ്റിനുനേരെ തോക്കുചൂണ്ടി ഭീഷണപ്പെടുത്തുകയായിരുന്നു. വിചാരണ കോടതി കുറ്റവിമുക്തയാക്കിയ മീണയെ 2020ൽ അപ്പീൽ കോടതി കുറ്റക്കാരനെന്നുകണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. ഈ മാസം ആദ്യം രാജസ്ഥാൻ ഹൈകോടതിയും ശിക്ഷ ശരിവെച്ചു. പള്ളി ആക്രമിക്കൽ, കലാപം, മതവിദ്വേഷം വളർത്തൽ ഉൾപ്പെടെ 27 കേസുകളിൽ പ്രതിയായിരുന്നു മീണ. തീരുമാനം ജനാധിപത്യത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.