ബി.ജെ.പിയുമായുള്ള സഖ്യം ഒട്ടകത്തിന് ഇടം കൊടുക്കുന്നതിന് തുല്യം -കപിൽ സിബൽ

ന്യൂഡൽഹി: ബി.ജെ.പിയുമായി സഖ്യത്തിലേർപ്പെടുന്നത് ഒട്ടകത്തിന് ഇടം കൊടുക്കുന്നതിന് തുല്യമാണെന്ന് രാജ്യസഭാ എം.പി കപിൽ സിബൽ. ബി.ജെ.പിയുമായി തെറ്റിപ്പിരിഞ്ഞ എ.ഐ.എ.ഡി.എം.കെ, എൻ.ഡി.എ സഖ്യം ഉപേക്ഷിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബി.ജെ.പിയുമായുള്ള നാല് വർഷത്തെ ബന്ധം അവസാനിപ്പിച്ച് എ.ഐ.എ.ഡി.എം.കെ തിങ്കളാഴ്ചയാണ് ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി സഹകരിക്കില്ലെന്നും ചെന്നൈയിലെ എഐഎഡിഎംകെ ആസ്ഥാനത്ത് പാർട്ടി അധ്യക്ഷൻ എടപ്പാടി കെ പളനിസ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം പ്രഖ്യാപിച്ചിരുന്നു.

"എ.ഐ.എ.ഡി.എം.കെയും എൻ.ഡി.എയിൽ നിന്ന് പുറത്തേക്ക്.. മറ്റൊരു സഖ്യകക്ഷി അവരെ വിട്ടുപോകുന്നു! ഇപ്പോൾ അവരോടൊപ്പമുള്ളതാകട്ടെ, മഹാരാഷ്ട്രയിൽ പവാറും ഷിന്ഡെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുന്നണികളും പോലെ പ്രത്യയശാസ്ത്രപരമായി ഒരു ചേർച്ചയുമില്ലാത്ത അവസരവാദ പാർട്ടികളാണ്. കൂടാരത്തിൽ ഇടം കൊടുത്ത ഒട്ടകത്തെ പോലെയാണ് ബിജെപി’ - എക്സിൽ എഴുതിയ കുറിപ്പിൽ കപിൽ സിബൽ പറഞ്ഞു,

മഴ നനയാതിരിക്കാൻ കൂടാരത്തിൽ ഒട്ടകത്തിന് തലവെക്കാൻ ഇടം കൊടുത്ത അറബിയുടെ കഥയാണ് കപിൽ സിബൽ ഉദാഹരിച്ചത്. തല മാത്രം കൂടാരത്തിനകത്ത് വെക്കട്ടെ എന്ന് ചോദിച്ച് വന്ന ഒട്ടകം പിന്നീട് ദേഹവും കാലും ഒക്കെ വെക്കാൻ ഇടം ചോദിച്ചു. ഒടുവിൽ അറബിയെ പുറത്താക്കി കൂടാരം മുഴുവൻ ഒട്ടകം സ്വന്തമാക്കിയെന്നാണ് കഥ. ഇതുപോലെയാണ് ബി.ജെ.പിയുമായി സഖ്യം ചേരുന്ന പാർട്ടികളുടെ അവസ്ഥയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

നേരത്തെ യുപിഎ ഭരണ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സിബൽ, നിലവിൽ സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ രാജ്യസഭയിൽ സ്വതന്ത്ര അംഗമാണ്. അനീതിക്കെതിരെയുള്ള പോരാട്ടം ലക്ഷ്യമിട്ട് 'ഇൻസാഫ്' എന്ന കൂട്ടായ്മക്ക് നേതൃത്വം നൽകുന്നുണ്ട്. 

Tags:    
News Summary - BJP is like the camel in the tent: Kapil Sibal's dig after AIADMK walks out of NDA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.