????????? ?????? ????????? ??.??.?? ???????? ?????????? ?????? ??????

മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി; ഹിമാചലിൽ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ രാജിവെച്ചു

ഷിംല: കോവിഡിനെ നേരിടാൻ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയതിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്ന്​ ഹിമാചൽ പ്ര​ദേശിൽ ബി.ജെ.പി സംസ്​ഥാന പ്രസിഡൻറ്​ രാജിവെച്ചു. രാജീവ് ബിൻഡാലാണ്​ ബുധനാഴ്ച ദേശീയ നേതൃത്വത്തിന്​ രാജിക്കത്ത്​ നൽകിയത്​. 

അഴിമതിക്കേസിൽ സംസ്ഥാന ആരോഗ്യ വകുപ്പ്​ ഡയറക്ടർ അജയ് കുമാർ ഗുപ്തയെ മേയ് 20ന് വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. ലോകം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെ നടത്തിയ അഴിമതിയുടെ പാപത്തിൽനിന്ന് മുക്തി നേടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കോൺഗ്രസ് അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ജയറാം താക്കൂറിനാണ്​ ആരോഗ്യവകുപ്പി​​െൻറ അധിക ചുമതല. ഇദ്ദേഹത്തിന്​ ധാർമ്മിക ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് സംസ്ഥാന കോൺഗ്രസ് പ്രസിഡൻറ്​ കുൽദീപ് സിംഗ് റാത്തോഡും നിയമസഭാ പാർട്ടി നേതാവ് മുകേഷ് അഗ്നിഹോത്രിയും പ്രസ്താവനയിൽ പറഞ്ഞു. അഴിമതിയെക്കുറിച്ച് ഹൈകോടതി സിറ്റിങ്​ ജഡ്ജി അന്വേഷിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.

മെഡിക്കൽ വിതരണക്കാരനിൽനിന്ന് ഗുപ്​ത അഞ്ചുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുന്ന ശബ്​ദസന്ദേശം വൈറലായതിനെ തുടർന്നാണ്​ അഴിമതി വിവരം പുറത്തായത്​. അതേസമയം, അഴിമതി ആരോപണത്തിൽ പാർട്ടിയുടെ പേര് വലിച്ചിഴക്കപ്പെടുന്ന പശ്​ചാത്തലത്തിൽ ധാർമ്മിക കാരണങ്ങളാലാണ്​ താൻ സ്ഥാനം രാജിവെക്കുന്നതെന്ന്​ ബി.ജെ.പി ദേശീയ പ്രസിഡൻറ്​ ജെ.പി. നദ്ദക്ക്​ നൽകിയ രാജിക്കത്തിൽ രാജീവ് ബിൻഡാൽ പറഞ്ഞു. 

“ആരോഗ്യ ഡയറക്ടറുടെ ഓഡിയോ ക്ലിപ്പ് വൈറലായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഉടനടി നടപടിയെടുത്തിട്ടുണ്ട്​. ഡയറക്ടർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടരുകയാണ്. ഞാൻ ബി.ജെ.പി സംസ്ഥാന പ്രസിഡൻറായതിനാൽ ഈ അഴിമതി കേസിൽ ഏതെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടാകാതിരിക്കാനും അന്വേഷണം ഒരു തരത്തിലും സ്വാധീനിക്കപ്പെടാതിരിക്കാനും ആഗ്രഹിക്കുന്നു. ഉയർന്ന ധാർമ്മിക കാരണങ്ങൾ കണക്കിലെടുത്താണ് രാജി നൽകുന്നത്” കത്തിൽ ബിൻഡാൽ വിശദീകരിച്ചു. 

അതേസമയം, ഓഡിയോയിലെ ഉള്ളടക്കം  അന്വേഷണ സംഘം പരിശോധിച്ചതായി പൊലീസ് സൂപ്രണ്ട് ശാലിനി അഗ്നിഹോത്രി വ്യക്​തമാക്കി. ഫെബ്രുവരി മുതൽ വിവിധ മെഡിക്കൽ സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിൽ അഴിമതി നടന്നതായാണ്​ അന്വേഷണസംഘത്തി​​െൻറ നിഗമനം. 

Tags:    
News Summary - BJP HP chief Rajeev Bindal quits over scam related to medical purchases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.