സോമിഡി വേണു പ്രസാദ്
ഹൈദരാബാദ്: ബി.ആർ.എസ് (ഭാരത് രാഷ്ട്ര സമിതി) പാർട്ടിയെ പിന്തുണച്ചതിന്റെ പേരിൽ പട്ടികവർഗ (എസ്.ടി) വിഭാഗത്തിൽപ്പെട്ട യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കരീംനഗർ മുനിസിപ്പൽ കോർപ്പറേഷനിലെ കിസാൻ നഗർ ഡിവിഷൻ കൗൺസിലറും ബി.ജെ.പി ദളിത് മോർച്ച മുൻ ജില്ലാ പ്രസിഡന്റുമായ സോമിഡി വേണു പ്രസാദും മറ്റ് അഞ്ച് പേരും തെലങ്കാനയിൽ അറസ്റ്റിലായി. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ നടന്ന ആക്രമണത്തെത്തുടർന്ന് പ്രദേശത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
യുവാവ് പ്രദേശത്ത് ബി.ആർ.എസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയതും പ്രചാരണങ്ങളിൽ പങ്കെടുത്തതുമാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തെ ചൊടിപ്പിച്ചത്. സംഭവ ദിവസം ബി.ജെ.പി കൗൺസിലറുടെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തടഞ്ഞുനിർത്തുകയും അധിക്ഷേപിക്കുകയും ചെയ്ത ശേഷം ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യുവാവിന്റെ പരാതിയുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വേണു പ്രസാദ് ഉൾപ്പെടെ ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തെ തുടർന്ന് തെലങ്കാനയിൽ ബി.ജെ.പി, ബി.ആർ.എസ് പ്രവർത്തകർ തമ്മിൽ രാഷ്ട്രീയ പോര് രൂക്ഷമായിട്ടുണ്ട്. ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് നേരെ ആക്രമണം നടത്തുന്ന ബി.ജെ.പി നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി ബി.ആർ.എസ് നേതൃത്വം രംഗത്തെത്തി. പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.