കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ സംസ്ഥാനത്ത് ബി.ജെ.പി മുന്നേറ്റം. 294 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ട 148 എന്ന സംഖ്യയും കടന്ന് ബി.ജെ.പി ലീഡ് ചെയ്യുന്നതായാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ‘ഖേലാ ശേഷ്’ (കളി അവസാനിച്ചു) എന്ന് ബി.ജെ.പി പ്രഖ്യാപിക്കുമ്പോഴും, തെരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പിയും ചേർന്ന് ഒത്തുകളിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്ന് മമത ബാനർജി ആരോപിച്ചു. തൃണമൂൽ കോൺഗ്രസ് (ടി.എം.സി) മുന്നിട്ടുനിൽക്കുന്ന മണ്ഡലങ്ങളിലെ വിവരങ്ങൾ കമ്മീഷൻ ബോധപൂർവ്വം മറച്ചുവെക്കുകയാണെന്ന് അവർ പറഞ്ഞു.
ടി.എം.സി ലീഡ് ചെയ്യുന്ന 70 മുതൽ 100 വരെ സീറ്റുകളിലെ വിവരങ്ങൾ കമ്മീഷൻ പുറത്തുവിടുന്നില്ലെന്ന് മമത ആരോപിച്ചു. കല്യാണി ഉൾപ്പെടെയുള്ള ഇടങ്ങളിൽ വോട്ടിങ് യന്ത്രങ്ങളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും ചിലയിടങ്ങളിൽ വോട്ടെണ്ണൽ തടസ്സപ്പെട്ടതായും അവർ ചൂണ്ടിക്കാട്ടി. കേന്ദ്ര സേനയെ ഉപയോഗിച്ച് ടി.എം.സി പ്രവർത്തകരെ വേട്ടയാടുകയാണെന്നും പാർട്ടി ഓഫിസുകൾ ബി.ജെ.പി കൈയേറുകയാണെന്നും മമത കുറ്റപ്പെടുത്തി.
അതേസമയം, ബംഗാളിലെ ജനവിധി ചരിത്രപരമാണെന്ന് ബി.ജെ.പി നേതൃത്വം പ്രതികരിച്ചു. വോട്ട് വിഹിതത്തിൽ വലിയ വർധനവുണ്ടായെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിതെന്നും ബി.ജെ.പി വക്താക്കൾ വ്യക്തമാക്കി. ശ്യാമപ്രസാദ് മുഖർജി ജനിച്ച മണ്ണ് ഇനി ബി.ജെ.പിക്കൊപ്പമാണെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.