ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എം.പി പാർലമെന്റിൽ ഇ-സിഗരറ്റ് വലിച്ചുവെന്ന് ആരോപണമുയർത്തി ബി.ജെ.പി എം.പി അനുരാഗ് ഠാക്കൂർ. ആരുടെയും പേരെടുത്തു പറയാതെയായിരുന്നു അനുരാഗ് താക്കൂറിന്റെ ആരോപണം. ആരോപണവിധേയനെതിരെ നടപടി എടുക്കാമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ അച്ചടക്ക നടപടി എടുക്കുന്നതിന് മുമ്പ് ആരോപണവിധേയനെ ചോദ്യം ചെയ്യുമെന്നും ഓം ബിർള സൂചിപ്പിച്ചു.
ചോദ്യോത്തര വേളയിലാണ് അനുരാഗ് ഠാക്കൂർ ഈ വിഷയം ഉന്നയിച്ചത്. ലോക്സഭയിൽ ഇ-സിഗരറ്റ് അനുവദനീയമാണോ എന്നായിരുന്നു താക്കൂറിന്റെ ചോദ്യം. അനുവദനീയമല്ല എന്ന് താക്കൂർ മറുപടിയും നൽകി. അപ്പോഴാണ് പേര് പറയാതെ തൃണമൂൽ എം.പി കുറച്ച് ദിവസങ്ങളായി സഭയിൽ ഇ-സിഗരറ്റ് വലിക്കുകയാണെന്നും ഇതിനെ കുറിച്ച് അന്വേഷിക്കണമെന്നും ഠാക്കൂർ ആവശ്യപ്പെട്ടത്. വർഷങ്ങളായി ഇന്ത്യയിൽ ഇ-സിഗരറ്റ് നിരോധിച്ചതായും ഠാക്കൂർ ചൂണ്ടിക്കാട്ടി.
മറ്റ് ബി.ജെ.പി എം.പിമാരും ഇതു സംബന്ധിച്ച് പരാതി പറയാൻ തുടങ്ങിയതോടെ സഭയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സഭാമര്യാദകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട ഓം ബിർള രേഖാമൂലം പരാതി നൽകിയാൽ ഇ-സിഗരറ്റ് വലിച്ച എം.പിക്കെതിരെ നടപടിയെടുക്കാമെന്നും ഉറപ്പുനൽകുകയായിരുന്നു. അനുരാഗ് ഠാക്കൂറും മറ്റ് ബിജെപി എംപിമാരും ഇത് സംബന്ധിച്ച് എഴുതി നൽകിയ പരാതി ഉടൻ സമർപ്പിച്ചേക്കും.
2019ലെ ഇലക്ട്രോണിക് സിഗരറ്റ് നിരോധന നിയമം അനുസരിച്ച് ഇന്ത്യയിൽ ഇവയുടെ ഉൽപാദനം, ഇറക്കുമതി, വിൽപന, വിതരണം, സംഭരണം, പരസ്യം എന്നിവ പൂർണമായും നിയമവിരുദ്ധമാണ്. ഇവ കൈവശം വെക്കുന്നതും നിയമവിരുദ്ധമാണ്. പാർലമെന്റ് കെട്ടിടത്തിലും പരിസരത്തും പുകവലിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
സിഗരറ്റിന്റെയോ സിഗാറിന്റെയോ ആകൃതിയിലുള്ളതും കത്തിക്കാതെ പുകവലിക്കുന്നതിന്റെ അനുഭവം സാധ്യമാക്കുന്നതുമാണ് ഇ-സിഗരറ്റ്. നിക്കോട്ടിനും മറ്റ് ഫ്ലേവറുകളും അടങ്ങിയ ദ്രാവകം ചൂടാക്കി നീരാവി രൂപത്തിൽ വലിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.