ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധി തൊട്ട് സംസ്ഥാനങ്ങൾ പരിപാലിച്ചുവരുന്ന ജനന, മരണ രജിസ്ട്രേഷനിൽ കേന്ദ്രത്തിനുകൂടി പങ്കാളിത്തം വരുന്നു. ജനന, മരണ സ്ഥിതിവിവരക്കണക്ക് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യക്ക് (ആർ.ജി.ഐ) ദേശീയതലത്തിൽ സൂക്ഷിക്കാവുന്നവിധം നിയമം കൊണ്ടുവന്നാണ് കേന്ദ്രസർക്കാർ ഇതിനായി നീക്കം തുടങ്ങുന്നത്. 1969ലെ ജനന-മരണ രജിസ്ട്രേഷൻ നിയമത്തിന് ഭേദഗതി വരുത്തി, രാജ്യത്തെ ഓരോ ജനന-മരണ രജിസ്ട്രേഷനും വോട്ടർപട്ടിക, ആധാർ, ദേശീയ ജനസംഖ്യ പട്ടിക എന്നിവയുമായി ബന്ധിപ്പിക്കാൻ വ്യവസ്ഥ ചെയ്താണ് കേന്ദ്ര സർക്കാർ ബിൽ കൊണ്ടുവരുന്നത്.
രാജ്യത്തെ ഓരോ ജനന, മരണ രജിസ്ട്രേഷനും വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുമെന്നും ഇതിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ സോഫ്റ്റ്വെയർ തയാറാക്കുന്ന വിവരം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ തിങ്കളാഴ്ച ‘സെൻസസ് ഭവൻ’ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചിരുന്നു. വികസന പദ്ധതികൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനാണ് പുതിയ നിയമഭേദഗതിയെന്നും ആഭ്യന്തര മന്ത്രി പറഞ്ഞിരുന്നു.
ഇതിനുപിന്നാലെ, നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സർക്കാർവൃത്തങ്ങൾ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. കേന്ദ്രസർക്കാറിന്റെ അനുമതിയോടെ ഉപയോഗിക്കാവുന്ന തരത്തിൽ, രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർ.ജി.ഐ) ദേശീയതലത്തിൽ ഒരു ജനന-മരണ സ്ഥിതിവിവരക്കണക്ക് സൂക്ഷിച്ച് പരിപാലിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദിഷ്ട നിയമ ഭേദഗതിയിൽ പറയുന്നു. 1955ലെ പൗരത്വ നിയമത്തിന് കീഴിലുള്ള ജനസംഖ്യ പട്ടിക, 2016ലെ ആധാർ നിയമപ്രകാരം നിലവിലുള്ള ആധാർ സ്ഥിതിവിവരങ്ങൾ, 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമത്തിന് കീഴിലുള്ള റേഷൻ കാർഡ് വിവരങ്ങൾ, പാസ്പോർട്ട് നിയമപ്രകാരമുള്ള പാസ്പോർട്ട് വിവരങ്ങൾ, 2019ലെ മോട്ടോർ വാഹന ഭേദഗതി നിയമ പ്രകാരമുള്ള ഡ്രൈവിങ് ലൈസൻസ് സ്ഥിതിവിവരം എന്നിവ ദേശീയ ജനന-മരണ സ്ഥിതി വിവരക്കണക്ക് ഉപയോഗിച്ച് പുതുക്കുമെന്നും ഭേദഗതി പറയുന്നു.
നിലവിൽ സംസ്ഥാനതലത്തിൽ ചീഫ് രജിസ്ട്രാർമാർക്കാണ് ജനന-മരണ രജിസ്ട്രേഷൻ സൂക്ഷിപ്പിനുള്ള ചുമതല. ദേശീയതലത്തിൽ രജിസ്ട്രാർ ജനറൽ സൂക്ഷിക്കുന്ന സ്ഥിതിവിവരവുമായി തങ്ങളുടെ കൈവശമുള്ള ജനന-മരണ രജിസ്റ്റർ ഒത്തുനോക്കേണ്ട ഉത്തരവാദിത്തംകൂടി പുതിയ നിയമം വരുന്നതോടെ സംസ്ഥാന ചീഫ് രജിസ്ട്രാർമാർക്കുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.