വിമാനത്താവളങ്ങളിൽ പക്ഷികളുമായുള്ള കൂട്ടിയിടികൾ ഇരട്ടിയായെന്ന് ​വ്യോമയാന മന്ത്രാലയം; മുന്നിൽ ഡൽഹിയും മുംബൈയും അഹ്മദാബാദും

ന്യൂഡൽഹി: 2019 നും 2023 നും ഇടയിൽ രാജ്യത്ത് വിമാനവുമായുള്ള മൃഗങ്ങളുടെയും പക്ഷികളുടെയും കൂട്ടിയിടി സംഭവങ്ങളുടെ എണ്ണം ഇരട്ടിയായതായി കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ഡാറ്റ.  അഹമ്മദാബാദിലെ വിമാനാപകടത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടക്കുന്ന സമയത്താണ് ഈ കണക്കുകൾ പുറത്തുവിട്ടത്. പക്ഷികൾക്ക് പുറമേ, വവ്വാലുകൾ, തെരുവു നായ്ക്കൾ, പന്നികൾ തുടങ്ങിയ സസ്തനികളും വിമാനങ്ങൾക്ക് ഗുരുതരമായ അപകടമുണ്ടാക്കിയേക്കുമെന്നും ഡാറ്റ പറയുന്നു.

ഏറ്റവും കൂടുതൽ ആക്രമണങ്ങൾ ഡൽഹി വിമാനത്താവളത്തെ ബാധിച്ചപ്പോൾ തൊട്ടുപിന്നാലെ മുംബൈയും അഹമ്മദാബാദുമാണ്. സമീപ വർഷങ്ങളിൽ ആക്രമണങ്ങളുടെ വർധനവ് ഏറ്റവും ഉയർന്നത് സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് കൊൽക്കത്തയിൽ കുറച്ച് അപകടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എന്നാൽ, സമീപകാലത്ത് പക്ഷിയിടികൾ ഇവിടെയും ഏറുന്നതായാണ് സൂചന.

വന്യജീവി (പക്ഷി/മൃഗങ്ങൾ) കൂട്ടിയിടികളുടെ ഡാറ്റ വിശകലനം ചെയ്യുമ്പോൾ മനസ്സിലാവുക വിമാനങ്ങൾക്ക് നേരെ പരമാവധി ഇടികൾ സംഭവിക്കുന്നത് ലാൻഡിംഗ്, ടേക്ക് ഓഫ് ഘട്ടങ്ങളിലാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ രേഖയിൽ പറയുന്നു. ഇത്തരം കൂട്ടിയിടികൾ കുറക്കുന്നതിനുള്ള മാനദണ്ഡങ്ങളും സ്റ്റാൻഡേർഡ് ഓപ്പറേറ്റിറ്റിങ് നടപടിക്രമങ്ങളും കടലാസിൽ തന്നെ തുടരുകയാണെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.

2023 അവസാനത്തോടെ അന്നത്തെ ജൂനിയർ സിവിൽ ഏവിയേഷൻ മന്ത്രി വി.കെ. സിങ് രാജ്യസഭയിൽ സമർപ്പിച്ച ഡാറ്റ പ്രകാരം, രാജ്യത്ത് വിമാനങ്ങളിൽ മൃഗങ്ങൾ ഇടിച്ചതിന്റെ ആകെ എണ്ണം 2019 ൽ 535 ആയിരുന്നു. അതായത് പ്രതിദിനം ഏകദേശം 1.5. 
2023 ഒക്ടോബർ 31 ആയപ്പോഴേക്കും ഈ എണ്ണം 100 ശതമാനം വർധിച്ച് 1,123 ആയി. പ്രതിദിനം മൂന്നിൽ കൂടുതൽ.

2019 മുതൽ 2023 വരെയുള്ള കാലയളവിൽ മൃഗങ്ങളുടെ ആക്രമണത്തിൽ അഹമ്മദാബാദ് വിമാനത്താവളം രാജ്യത്ത് മൂന്നാം സ്ഥാനത്തെത്തി. 266 കൂട്ടിയിടികൾ ഇക്കാലത്ത് സംഭവിച്ചു. 609 ഇടികളുമായി നിൽക്കുന്ന ഡൽഹിക്കും 295 ഇടികളുമായി നിൽക്കുന്ന മുംബൈക്കും പിന്നിലാണിത്. എന്നാൽ, 2022 നും 2023 നും ഇടയിൽ അഹമ്മദാബാദ് വിമാനത്താവളത്തിൽ പക്ഷികൾ ഇടിച്ചതിന്റെ എണ്ണത്തിലുണ്ടായ വർധനവ് ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഉയർന്നതാണ്.  2022ൽ അഹമ്മദാബാദിൽ 39 ഉം 2023 ൽ 81 ഉം ഇടികൾ ഉണ്ടായി.

‘പക്ഷി ആക്രമണങ്ങൾ ഗുരുതരമായ വ്യോമയാന സുരക്ഷാ ആശങ്കയാണ്, കൂടാതെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഈ പ്രശ്നം പരിഹരിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പക്ഷികളുടെ കടന്നുകയറ്റം തടയാൻ പുല്ലുകൾ മുറിക്കുക, പക്ഷി പിടിത്ത ഉപകരണങ്ങൾ ഉപയോഗിക്കുക, പടക്കങ്ങൾ പൊട്ടിക്കുക തുടങ്ങിയ നിരവധി നടപടികൾ ഞങ്ങൾ സ്വീകരിക്കുന്നു. പക്ഷേ, വിമാനത്താവള പ്രദേശങ്ങൾക്കപ്പുറത്തുള്ള ഭീഷണി തടയാൻ ഒന്നും ചെയ്യാൻ കഴിയില്ല’ -ഇന്ത്യയിലെ എയർ ട്രാഫിക് കൺട്രോളിന്റെ മുൻ എക്സിക്യുട്ടിവ് ഡയറക്ടർ കല്യാൻ ചൗധരി പറഞ്ഞു.

നിർദിഷ്ട വിമാനത്താവള പ്രദേശത്തിനുപുറത്ത് കുറഞ്ഞത് ഒരു കിലോമീറ്റർ ബഫർ സോൺ ഉണ്ടായിരിക്കേണ്ടതാണെങ്കിലും സമീപത്തുള്ള പക്ഷികളെ നിയന്ത്രിക്കുന്നതിന് സർക്കാറോ പ്രാദേശിക ഭരണകൂടങ്ങളോ ഒരു പ്രത്യേക മാനദണ്ഡവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്താവളങ്ങൾക്ക് സമീപമുള്ള കടകളും മാർക്കറ്റുകളും പരിസരത്ത് മാലിന്യം തള്ളുന്നതും പക്ഷികളെ ആകർഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബെൽഗാരിയ മാലിന്യക്കൂമ്പാരവും കൊൽക്കത്ത വിമാനത്താവളത്തിന് സമീപമുള്ള ഉയരമുള്ള മരങ്ങളും റൺവേകൾക്ക് സമീപമുള്ള പക്ഷികളെ ആകർഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - Bird hits on the rise as goverment data reveals sharp spurt at Ahmedabad airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.