നവാപൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ കോഴി വളർത്തൽ കേന്ദ്രമായ നവാപൂരിൽ പക്ഷിപ്പനി ആഞ്ഞടിക്കുന്നു. രോഗം പടരുന്നത് തടയുന്നതിന്റെ ഭാഗമായി മെയ് 5 വരെ രണ്ട് ലക്ഷത്തിലധികം കോഴികളെയാണ് അധികൃതർ കൊന്നൊടുക്കിയത്. എട്ട് ലക്ഷത്തോളം മുട്ടകളും 210 മെട്രിക് ടണ്ണിലധികം തീറ്റയും നശിപ്പിച്ചു. ഇതോടെ ഇവിടുത്തെ കർഷകർ കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിലാണ്.
ഏപ്രിൽ 12നാണ് രോഗത്തിന്റെ ആദ്യ സൂചനകൾ കണ്ടുതുടങ്ങിയത്. കഠിനമായ ചൂട് കാരണമാണ് കോഴികൾ ചാവുന്നത് എന്നാണ് കർഷകർ ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ചാവുന്ന പക്ഷികളുടെ എണ്ണം നൂറുകളിൽ നിന്ന് ആയിരങ്ങളിലേക്ക് ഉയർന്നു. ഒന്നും രണ്ടും ദിവസം കൊണ്ട് ഫാമുകളിലെ ഭൂരിഭാഗം പക്ഷികളും ചത്തൊടുങ്ങിയതോടെയാണ് കർഷകർ ആശങ്കയിലായത്.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസിൽ (NIHSAD) നടത്തിയ പരിശോധനയിൽ മൂന്ന് ഫാമുകളിലെ സാമ്പിളുകൾ 'പോസിറ്റീവ്' ആണെന്ന് കണ്ടെത്തി. തുടർന്ന് ഏപ്രിൽ 30ന് ജില്ലാ കലക്ടർ ഡോ. മിതാലി സേത്തി നവാപൂരിന്റെ വിവിധ ഭാഗങ്ങളെ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് ഇൻഫെക്റ്റഡ് സോണായും 10 കിലോമീറ്റർ ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. 90 ദിവസത്തേക്ക് മേഖലയിൽ കോഴികളുടെയോ മുട്ടയുടെയോ വിൽപ്പനയും കൈമാറ്റവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. 18 പേരടങ്ങുന്ന സംഘം കോഴികളെ കൊല്ലുന്നതിനും 140ഓളം ഉദ്യോഗസ്ഥർ നിരീക്ഷണത്തിനുമായി രംഗത്തുണ്ട്.
നവാപൂരിൽ ഇത് മൂന്നാം തവണയാണ് പക്ഷിപ്പനി നാശം വിതക്കുന്നത്. 2006ൽ 10 ലക്ഷം പക്ഷികളെയും 2021ൽ 9 ലക്ഷം പക്ഷികളെയും കൊന്നൊടുക്കിയിരുന്നു. ഓരോ കോഴിയിലും കർഷകന് കുറഞ്ഞത് 200 രൂപയുടെ നഷ്ടം സംഭവിക്കുന്നുണ്ട്. പക്ഷിപ്പനിക്കെതിരെ ഫലപ്രദമായ വാക്സിനേഷൻ അനുവദിക്കണമെന്ന് കർഷകർ വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്ത്യയിൽ അതിതീവ്ര വൈറസ് ബാധയുള്ളപ്പോൾ വാക്സിനേഷന് അനുമതിയില്ല. വാക്സിൻ നൽകിയാൽ അത് വൈറസ് നിരീക്ഷണത്തെ ബാധിക്കുമെന്നാണ് സർക്കാർ നിലപാട്.
തുടർച്ചയായുണ്ടാകുന്ന നഷ്ടം കാരണം പല കർഷകരും ഈ മേഖല ഉപേക്ഷിക്കുകയാണ്. 2021ൽ 18 ലക്ഷം കോഴികളുണ്ടായിരുന്ന നവാപൂരിൽ ഇപ്പോൾ അത് 12 ലക്ഷമായി കുറഞ്ഞു. ജൂലൈ 31 വരെ നവാപൂരിലെ പ്രധാന മേഖലകൾ നിയന്ത്രണത്തിലായിരിക്കും. നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടർ ഉറപ്പുനൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.