സിദ്ദിഖ് കാപ്പ​െൻറ അറസ്റ്റ് സ്വേച്ഛാധിപത്യ നടപടി; ഉടൻ മോചിപ്പിക്കണം - പ്രധാനമന്ത്രിക്ക് ബിനോയ് വിശ്വത്തി​െൻറ കത്ത്

ന്യൂഡല്‍ഹി: ഹാഥറസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെ  മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ അറസ്റ്റു ചെയ്ത നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നാവശ്യപ്പെട്ട്​ ബിനോയ് വിശ്വം എം.പി കത്തു നൽകി.

കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനും കേരള യൂണിയന്‍ വര്‍ക്കിംഗ് ജേണലിസ്റ്റ് ഡൽഹി ഘടകം ഭാരവാഹിയുമായ സിദ്ദിഖ് കാപ്പനെയും മറ്റ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത് ഹാഥറസ് കേസില്‍ നിന്നും ശ്രദ്ധതിരിക്കാനാണെന്നും അറസ്റ്റുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളൊന്നും യു.പി പൊലീസ് പാലിച്ചില്ലെന്നും ബിനോയ് വിശ്വം ചൂണ്ടികാട്ടി.

ആരോഗ്യകരമായ ജനാധിപത്യത്തി​െൻറ ആണിക്കല്ലാണ് മാധ്യമസ്വാതന്ത്ര്യം. എന്നാല്‍ സിദ്ദിഖ് കാപ്പനെപ്പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെ തീവ്രവാദ ആരോപണം ചുമത്തി അറസ്റ്റു ചെയ്യുന്ന നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണ്​. 

ഹാഥറസ്​ പോലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതും സത്യം പൊതുജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതും മാധ്യമ പ്രവര്‍ത്തകരുടെ ജോലിയാണ്. എന്നാല്‍ അവരെ നിശബ്ദമാക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അപലപിക്കേണ്ടതാണ്. ഇത്തരം സ്വേച്ഛാധിപത്യ നടപടികൾ കാരണമാണ്​ മാധ്യമസ്വാതന്ത്ര്യത്തി​െൻറ കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 142 ആയതെന്നും ബിനോയ് വിശ്വം പറഞ്ഞു.

19 കാരിയായ ദലിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവും തുടര്‍ന്നുണ്ടായ പൊലീസ്, ഭരണകൂട നടപടികളും ഇന്ത്യന്‍ ജനത ഒന്നടങ്കം ചര്‍ച്ചചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ സംഭവത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ബദല്‍ മാര്‍ഗങ്ങള്‍ തേടാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും നിന്ദ്യവുമാണ്.

സുതാര്യമായ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തിനാകണം. ഉത്തർ പ്രദേശ്​ സര്‍ക്കാരി​െൻറ ഇത്തരം നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി അപലപിക്കണമെന്നും ബിനോയ് വിശ്വം കത്തിൽ പറഞ്ഞു. 

സിദ്ദിഖ് കാപ്പനെ ഉടനെ മോചിപ്പിക്കണമെന്നും ഹാഥറസില്‍ സംഭവിച്ച എല്ലാ കാര്യങ്ങളിലും നീതിയുക്തമായ അന്വേഷണം ഉറപ്പുവരുത്താന്‍ പ്രധാനമന്ത്രിയെന്ന നിലയിൽ  ഇടപെടണമെന്നും ബിനോയ് വിശ്വം കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.