ബിന്ദി, തിലകം, ഹിജാബ്... പ്രതിഷേധങ്ങൾക്കൊടുവിൽ പുതിയ വസ്ത്രധാരണ നയവുമായി ലെൻസ് കാർട്ട്

ന്യൂഡൽഹി: ജീവനക്കാരുടെ വസ്ത്രധാരണ നിയമങ്ങളെചൊല്ലി വലിയ വിവാദവും പ്രതിഷേധവും ഉയർന്നതിന് പിന്നാലെ ക്ഷമാപണം നടത്തി പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ട്. ജീവനക്കാർക്ക് ജോലി സ്ഥലത്ത് മതപരവും സംസ്കാരികവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്ന ‘പുതിയ വസ്ത്രധാരണ നയം’ കമ്പനി പുറത്തിറക്കുകയും ചെയ്തു. ഉപഭോക്താക്കളുടെയും സമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി തങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ പരസ്യവും സുതാര്യവുമാക്കുകയാണെന്ന് കമ്പനി എക്സിൽ കുറിച്ചു.

ലെൻസ്കാർട്ട് സ്റ്റോറുകളിൽ ജീവനക്കാർ തിലകവും ബിന്ദിയും ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്റ്റൈൽ ഗൈഡ് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. ലെൻസ്കാർട്ട് ജീവനക്കാർക്ക് ചില മതചിഹ്നങ്ങൾ അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് പ്രചരിച്ച സ്ക്രീൻഷോട്ട് വിവാദങ്ങൾക്ക് കാരണമാകുകയായിരുന്നു. കമ്പനിയുടെ സ്റ്റൈൽ ഡൈഗിൽനിന്നുള്ളതാണെന്ന അവകാശവാദത്തോടെയാണ് സ്ക്രീൻ ഷോട്ട് പങ്കുവെച്ചത്.

ബിന്ദിയും തിലകവും വിലക്കുകയും ​ഹിജാബ് അനുവദിക്കുകയും ചെയ്യുന്ന ലെൻസ്കാർട്ടിന്റെ നയം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. ലെൻസ്കാർട്ട് ഉൽപ്പന്നങ്ങൾ ബഹിഷ്‍കരിക്കാനും ഇവർ ആഹ്വാനം നൽകിയിരുന്നു. ‘ബോയ്ക്കോട്ട് ലെൻസ്കാർട്ട്' കാമ്പയിൻ വ്യാപകമായതോടെ കമ്പനി സ്ഥാപകൻ പിയൂഷ് ബൻസാൽ ഇടപെടുകയും മാപ്പ് പറയുകയും ചെയ്തു.

പുതിയ സ്റ്റൈൽ ഗൈഡിൽ എല്ലാ മതചിഹ്നങ്ങൾക്കും തുല്യ പരിഗണന നൽകുന്നതായി കമ്പനി അറിയിച്ചു. രാജ്യത്തിന്റെ വൈവിധ്യം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതായി ലെൻസ്കാർട്ട് എക്സിൽ കുറിച്ചു. 2400ലധികം സ്റ്റോറുകളുള്ള തങ്ങളുടെ ശൃംഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വിശ്വാസങ്ങളും സ്വത്വവും ഉപേക്ഷിക്കേണ്ടി വരില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

കമ്പനി നൽകുന്ന ടി-ഷർട്ടും പ്ലെയിൻ ഡാർക്ക് ബ്ലൂ ജീൻസും ക്ലോസ്ഡ് ഷൂസുമായിരിക്കും ഔദ്യോഗിക വസ്ത്രം. വ്യക്തിശുചിത്വത്തിനും നീറ്റ് ഗ്രൂമിങ്ങിനും പ്രാധാന്യം നൽകുന്നതിനൊപ്പം വിശ്വാസപരമായ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്നും കമ്പനി ജീവനക്കാർക്ക് ഉറപ്പുനൽകുന്നു. വസ്ത്രധാരണത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ഏതെങ്കിലും സാഹചര്യത്തിൽ വിവേചനം നേരിട്ടാൽ ജീവനക്കാർക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യാമെന്നും കമ്പനി പറയുന്നു. അതേസമയം, പ്രഫഷണൽ അന്തരീക്ഷവുമായി പൊരുത്തപ്പെടാത്ത വസ്‍ത്രമോ ഹെഡ് വെയറുകളോ ചെരിപ്പുകളോ അനുവദിക്കില്ലെന്നും കമ്പനി സ്റ്റൈൽ ഗൈഡിൽ വ്യക്തമാക്കി. 

Tags:    
News Summary - Bindi tilak hijab Lenskart releases new style guide after backlash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.