ബിൽകിസ്​ ബാനു കൂട്ടബലാൽസംഗ കേസ്​; പ്രതികൾക്ക്​ വധശിക്ഷയില്ല

മുംബൈ: ബിൽകിസ്​ ബാനു കൂട്ട ബലാൽസംഗ കേസിൽ മൂന്ന്​ പ്രതികൾക്ക്​ വധശിക്ഷ നൽകണമെന്ന സി.ബി​.െഎ വാദം ബോംബെ ഹൈകോടതി തള്ളി.

 ​2008ല്‍ മുംബൈ പ്രത്യേക കോടതി ബി.ജെ.പി നേതാവ് ശൈലേഷ് ഭട്ട് അടക്കം 12 പേർക്ക്​ കേസിൽ ജീവപര്യന്തം തടവ്​ വിധിച്ചിരുന്നു. ഇതിൽ മൂന്ന്​ പേർക്ക്​ വധ ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട്​​​ സി.ബി.​െഎ മേൽ കോടതിയിൽ നൽകിയ ഹരജിയാണ് ​ബോംബെ ഹൈകോടതി തള്ളിയത്​. അതേസമയം വിചാരണക്കോടതി കുറ്റവിമുക്തരാക്കിയ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്നും ഹൈകോടതി വിധിച്ചിട്ടുണ്ട്​.

2002ലെ ഗുജറാത്ത്​ കലാപത്തിനിടെയാണ്​ അഞ്ചു മാസം ഗർഭിണിയായിരുന്ന ബില്‍കിസ്​ ബാനു കൂട്ട ബലാത്സംഗത്തിന് ഇരയായത്. ബില്‍‌കിസിന്‍റെ കുടുംബത്തിലെ എട്ട് പേരെ ആക്രമികള്‍ കൊലപ്പെടുത്തുകയും മൂന്ന്​ വയസ്​ പ്രായമായ മകളെ തറയിലെറിഞ്ഞ് ​കൊല്ലുകയും ചെയ്​തിരുന്നു. തനിക്കുണ്ടായ ഭീകരാനുഭവം  ഇന്ത്യൻ ക്വാട്സ്​ എന്ന ഫേസ്​ബുക്​ പേജിലൂടെ അവർ വിവരിച്ചിരുന്നു.

ബിൽകിസ്​ ബാനു പറഞ്ഞത്​

​''എന്‍െറ കുടുംബത്തിലെ നാല് പുരുഷന്‍മാരും അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. സ്ത്രീകള്‍ വിവസ്ത്രരാക്കപ്പെടുകയും ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തു. എന്നെയും അവര്‍ പിടിച്ചു. എന്‍െറ മൂന്ന് വയസ്സുള്ള പെണ്‍കുട്ടി സലേഹ എന്‍െറ കൈയിലുണ്ടായിരുന്നു. എന്‍െറ കൈയില്‍ നിന്ന് അവളെ പിടിച്ചുപറിച്ച് അവര്‍ എറിഞ്ഞു. ആ കുഞ്ഞുശിരസ്സ് ഒരു കല്ലില്‍തട്ടി ചിതറിയപ്പോള്‍ എന്‍െറ ഹൃദയം തകര്‍ന്നു. നാല് പേര്‍ എന്‍െറ കാലുകളും കൈകളും പിടിച്ചു വച്ചു. പിന്നെ അവിടെയുണ്ടായിരുന്നവര്‍ ഓരോരുത്തരായി എന്‍െറ ശരീരം ഉപയോഗിച്ചു. ശേഷം അവര്‍ എന്നെ കാലുകൊണ്ട് തൊഴിച്ചു, ദണ്ഡുകൊണ്ട് തലക്കടിച്ചു. ഞാന്‍ മരിച്ചെന്ന് കരുതിയ അവര്‍ എന്നെ അടുത്തുള്ള കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.

നാലഞ്ചു മണിക്കൂര്‍ കഴിഞ്ഞ് എനിക്ക് സ്വബോധം തിരിച്ചുകിട്ടി. ശരീരം മറച്ചുവെക്കുവാന്‍ ഒരു തുണിക്കഷ്ണം കിട്ടുമോ എന്ന് ഞാന്‍ പരതി നോക്കിയെങ്കിലും ഒന്നും ലഭിച്ചില്ല. ഒന്നരദിവസം കുന്നിന്‍ മുകളില്‍ ഞാന്‍ ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞു. മരിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഒടുവില്‍ ഒരു ഗോത്രകോളനിയില്‍ എത്തിപ്പെട്ട ഞാൻ ഹിന്ദുവാണെന്ന് പറഞ്ഞ് അവിടെ അഭയം തേടുകയായിരുന്നു.

അക്രമകാരികള്‍ ഏറ്റവും മ്ലേച്ഛമായ ഭാഷയുപയോഗിച്ചാണ് സംസാരിച്ചത്. ആ വാക്കുകള്‍ എന്താണെന്ന് പറയാന്‍ എനിക്കാവില്ല. എന്‍െറ ഉമ്മ, സഹോദരിമാര്‍, 12 ബന്ധുക്കള്‍ എന്നിവരെ അവര്‍ എന്‍െറ മുന്നില്‍ വെച്ച് കൊന്നു. ലൈംഗികമായി അധിഷേപിക്കുന്ന വാക്കുകളാണ് അവര്‍ ഞങ്ങളെ ആക്രമിക്കുമ്പോള്‍ ഉപയോഗിച്ചത്. ഞാന്‍ അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് പോലും എനിക്ക് പറയാന്‍ സാധിച്ചില്ല, കാരണം അവരുടെ കാലുകള്‍ എന്‍െറ വായിലും കഴുത്തിലും അമര്‍ന്ന് കിടക്കുകയായിരുന്നു.

എന്‍െറ മാനം പിച്ചിച്ചീന്തിയവരെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതും ജയിലില്‍ അടച്ചതും അവര്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് കുറവുവരുമെന്ന് അര്‍ഥമില്ല. എന്നിരുന്നാലും നീതിക്ക് ജയിക്കാന്‍ കഴിയുമെന്ന് അത് തെളിയിക്കുന്നു. എത്രയോ കാലമായി എന്നെ മാനഭംഗപ്പെടുത്തിയവരെ എനിക്കറിയാം. ഞങ്ങളുടെ വീട്ടില്‍ നിന്നാണ് അവരുടെ വീട്ടിലേക്ക് പാല് കൊണ്ടുപോയിരുന്നത്. അവര്‍ക്ക് നാണമുണ്ടായിരുന്നെങ്കില്‍ എന്നോട് ഇത് ചെയ്യുമായിരുന്നോ. അവരെ എങ്ങനെ എനിക്ക് മറക്കാന്‍ സാധിക്കും."
 

  

Tags:    
News Summary - Bilkis Bano rape case: Bombay High Court dismisses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.