ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന

ബിൽക്കിസ് ബാനു കേസ്: നിലവിലെ ബെഞ്ചിനെ ഒഴിവാക്കാൻ കുറ്റവാളികൾ ശ്രമിക്കുന്നുവെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതി​രെയുള്ള കേസിൽ ഇപ്പോഴത്തെ ബെഞ്ച് വാദം കേൾക്കുന്നത് ഒഴിവാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി സുപ്രീംകോടതി. ബെഞ്ച് അധ്യക്ഷനായ ജസ്റ്റിസ് കെ.എം. ജോസഫ് ഉടൻ വിരമിക്കും. കേസ് നീട്ടിക്കൊണ്ടുപോയാൽ അദ്ദേഹത്തിന് വിധി പറയാൻ കഴിയില്ല. ഈ സാഹചര്യം മുതലെടുത്ത് നിലവിലെ ബെഞ്ചിനെ ഒഴിവാക്കാനാണ് അഭിഭാഷകർ ശ്രമിച്ചതെന്ന് വ്യക്തമാണെന്ന് ജസ്റ്റിസുമാരായ കെ.എം. ജോസഫും ബി.വി. നാഗരത്‌നയും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. ഈ നീക്കത്തിൽ കോടതി കടുത്ത അതൃപ്തിയും പ്രകടിപ്പിച്ചു. കേന്ദ്ര-ഗുജറാത്ത് സർക്കാരുകൾക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്.

എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ തീയതി മാറ്റിവയ്ക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോഴാണ് ബെഞ്ച് ഈ പരാമർശം നടത്തിയത്. "നിങ്ങൾ എന്താണ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഞാൻ ജൂൺ 16ന് വിരമിക്കുന്നു, മേയ് 19 ആണ് എന്റെ അവസാന പ്രവൃത്തി ദിനം. ഈ ബെഞ്ച് കേസ് കേൾക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. നിങ്ങൾ (അഭിഭാഷകർ) കോടതിയിലെ ഉദ്യോഗസ്ഥരാണ്, ആ കാര്യം മറക്കരുത്. നിങ്ങൾ ഒരു കേസിൽ ജയിച്ചേക്കാം അല്ലെങ്കിൽ തോറ്റേക്കാം, പക്ഷേ നിങ്ങളുടെ കടമ മറക്കരുത്’’ -ജസ്റ്റിസ് ജോസഫ് പറഞ്ഞു. വേനൽക്കാല അവധിക്ക് ശേഷം പുതിയ ബെഞ്ചായിരിക്കും ​ഇനി കേസിൽ വാദം കേൾക്കുക.

2002 ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റവാളികളായ 11 പേർക്ക് ശിക്ഷ ഇളവ് അനുവദിച്ച ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹരജികളാണ് ബെഞ്ച് പരിഗണിക്കുന്നത്. ജസ്വന്ത് നായ്, ഗോവിന്ദ് നായ്, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദന എന്നിവരെയാണ് വെറുതെ വിട്ടത്.

കുറ്റകൃത്യം ഭയാനകമാണെന്ന് മാർച്ചിൽ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് സർക്കാറിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനമാണ് അന്ന് നടത്തിയത്. പ്രതികളെ വിട്ടയക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതായിരുന്നു. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ഇന്ന് ബോധിപ്പിക്കണമെന്നും മുഴുവൻ രേഖകളും ഹാജരാക്കണ​മെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നു.

കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നിരവധി പേർ മോചനമില്ലാതെ ജയിലുകളിൽ കഴിയുമ്പോൾ ബിൽകീസ് ബാനു കേസിലെ 11കുറ്റവാളികളെ ശിക്ഷ കാലാവധി കഴിയും മുമ്പേ വിട്ടയച്ചത് ഏകീകൃത മാനദണ്ഡം അടിസ്ഥാനമാക്കിയാണോ എന്ന് ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ചോദിച്ചിരുന്നു. 

Tags:    
News Summary - Bilkis Bano gang rape: Supreme Court says 'clear attempt' by convicts to avoid present bench from hearing plea against remission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.