ബിഹാറിലെ ജാതി സെന്‍സസ് കണക്കുകൾ പുറത്ത്; 63 ശതമാനവും പിന്നാക്ക വിഭാഗക്കാർ

പട്ന: ബിഹാറിൽ നടത്തിയ ജാതി സെന്‍സസിന്റെ കണക്കുകൾ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. ജനസംഖ്യയിലെ 36.01 ശതമാനം അതിപിന്നാക്ക വിഭാഗക്കാരും 27.12 ശതമാനം പിന്നാക്ക വിഭാഗക്കാരും ആണെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. 19.7 ശതമാനം പട്ടികജാതിയില്‍പ്പെടുന്നവരും 1.68 ശതമാനം പട്ടികവര്‍ഗക്കാരുമാണ്. 15.52 ശതമാനമാണ് മുന്നാക്ക വിഭാഗം.

38 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ബിഹാറിലെ ആകെ ജനസംഖ്യ 13.07 കോടിയാണ്. ജനസംഖ്യയുടെ 63.12 ശതമാനവും അതിപിന്നാക്ക-പിന്നാക്ക വിഭാഗങ്ങള്‍ ഉൾക്കൊള്ളുന്ന ഒ.ബി.സി വിഭാഗക്കാരാണ്. ഇതില്‍ 14.27 ശതമാനം യാദവരാണ്. ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്‌മണര്‍ 3.66 ശതമാനം, മുശാഹര്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് സെന്‍സെസ് പ്രകാരമുള്ള കണക്ക്.

സംസ്ഥാനത്തെ ഹിന്ദു മതവിശ്വാസികൾ 81.9986 ശതമാനമാണ്. മുസ്‍ലിം 17.70 ശതമാനം, ക്രിസ്ത്യാനികള്‍ -.0576, സിഖ് 0.0113, ബുദ്ധർ 0.0851 ശതമാനം, ജൈനര്‍ 0.0096 ശതമാനം എന്നിങ്ങനെയാണ് ബാക്കി സമുദായക്കാരുടെ കണക്ക്.

ഒ.ബി.സി സംവരണം 27 ശതമാനമായി ഉയര്‍ത്തുന്നതുള്‍പ്പടെ ജാതിസെന്‍സസുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ സഖ്യകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്‍ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുമെന്നും നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ജനുവരി ഏഴിനാണ് രണ്ടു ഘട്ടങ്ങളുള്ള സെൻസസ് ബിഹാർ സർക്കാർ ആരംഭിച്ചത്. ജാതി സെൻസസിനൊപ്പം ഓരോ കുടുംബത്തിന്റെയും സാമ്പത്തിക സ്ഥിതിയും രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Bihar's caste census figures out; 63 percent belong to backward classes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.