ന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടിക തീവ്ര പരിശോധനക്കായി ബൂത്ത്തല ഓഫിസർമാർ ആദ്യഘട്ട സന്ദർശനം പൂർത്തിയായപ്പോൾ ഒന്നര ക്കോടി വീടുകളിലെത്തിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 7.90 കോടി വോട്ടർമാരുള്ള ബിഹാറിൽ വോട്ടർപട്ടികയിൽ പേരുചേർക്കാനായി 6.86 കോടി അപേക്ഷാഫോറങ്ങൾ വിതരണം ചെയ്തു. അവശേഷിക്കുന്ന വീടുകൾ അടഞ്ഞുകിടക്കുന്നതോ വോട്ടർമാർ മരിച്ചുപോയതോ, കുടിയേറ്റക്കാർ സംസ്ഥാനത്തിന് പുറത്തേക്ക് പോയതോ ആകാമെന്നും കമീഷൻ വ്യക്തമാക്കി.
ഓരോ വീടും ബി.എൽ.ഒമാർ മൂന്നുതവണ സന്ദർശിക്കുമ്പോൾ ഒരു പക്ഷേ ഇതിലും കൂടുതൽ പേർക്ക് അപേക്ഷാഫോറം കൈമാറാൻ കഴിഞ്ഞേക്കുമെന്നും കമീഷൻ തുടർന്നു. വിതരണം ചെയ്ത 6.86 കോടി അപേക്ഷകളിൽ 38 ലക്ഷം പേരുടെ അപേക്ഷാ ഫോറങ്ങളാണ് പൂരിപ്പിച്ച് തിരിച്ചുകിട്ടിയത്. ആഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടികയിൽ പേര് വരണമെങ്കിൽ ഈ മാസം 25നകം അപേക്ഷാഫോറം പൂരിപ്പിച്ച് പൗരത്വം തെളിയിക്കുന്നതിന് കമീഷൻ ആവശ്യപ്പെട്ട രേഖകൾ നൽകണം.
കരട് പട്ടികയുടെ പരിശോധന ആഗസ്റ്റ് രണ്ടിന് ആരംഭിക്കും. കരട് പട്ടികയെ കുറിച്ചുള്ള പരാതികളും ഉൾപ്പെടുത്താനുള്ള അപേക്ഷകളും രാഷ്ട്രീയ പാർട്ടികളിൽ നിന്ന് അന്നുമുതൽ സ്വീകരിക്കും. അന്തിമ വോട്ടർപട്ടിക സെപ്റ്റംബർ 30ന് പ്രസിദ്ധീകരിക്കുമെന്നും കമീഷൻ വ്യക്തമാക്കി.
ന്യൂഡൽഹി: ലക്ഷക്കണക്കിന് വോട്ടർമാരുടെ വോട്ടവകാശം ഇല്ലാതാക്കാനുണ്ടാക്കിയതാണ് വോട്ടർപട്ടിക തീവ്ര പരിശോധന എന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച വിഷയങ്ങൾ അഭിമുഖീകരിക്കാതെ അനാവശ്യ ധിറുതി കാണിച്ച് നടത്തുന്ന പരിശോധന ബിഹാറിലെ തെരഞ്ഞെടുപ്പ് സംവിധാനം അട്ടിമറിക്കാനാണ്. ഇതു മുന്നോട്ടുകൊണ്ടുപോകാൻ അനുവദിക്കില്ലെന്നും ഈ വിഡ്ഢിത്തം ഉടനടി നിർത്തേണ്ടി വരുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.