പട്‌ന: അവിശ്വാസ വോട്ടെടുപ്പിന് മുമ്പ് ബീഹാർ സ്പീക്കർ വിജയ്കുമാർ സിൻഹ രാജിവെച്ചു. ബി.ജെ.പി അംഗം കൂടിയായ സിൻഹ തനിക്കെതിരായ അവിശ്വാസ പ്രമേയം നിയമസഭയിൽ വരുന്നതിന് തൊട്ടുമുമ്പാണ് രാജിവെച്ചൊഴിഞ്ഞത്. സ്പീക്കറെ സംശയിക്കുന്നതിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകാൻ ഉദ്ദേശിക്കുന്നതെന്ന് സിൻഹ ഭരണകക്ഷിയോട് ചോദിച്ചു. 20 മിനിറ്റ് നീണ്ട പ്രസംഗത്തിനിടയിലാണ് തന്റെ രാജിക്കാര്യം സിൻഹ വ്യക്തമാക്കിയത്.
'പ്രമേയത്തോട് പ്രതികരിക്കേണ്ടത് എന്റെ ബാധ്യതയായി മാറി. ചില അംഗങ്ങൾ ഞാൻ ജനാധിപത്യവിരുദ്ധനും ഏകാധിപതിയാണെന്നും പറഞ്ഞു. ഇത് എനിക്ക് അംഗീകരിക്കാൻ കഴിയില്ല' -സിൻഹ പറഞ്ഞു. അവിശ്വാസ പ്രമേയം അവ്യക്തമാണ്. ഒമ്പത് പേരുടെ കത്ത് ലഭിച്ചതിൽ എട്ടെണ്ണം ചട്ടപ്രകാരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസഖ്യ സർക്കാർ അധികാരമേറ്റതിനു പിന്നാലെ സ്പീക്കർ രാജിവക്കണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ ഈ ആവശ്യം സ്പീക്കർ മുഖവിലക്കെടുത്തില്ല. ഇതോടെ സ്പീക്കർക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഭരണകക്ഷി തീരുമാനിക്കുകയായിരുന്നു. മുതിർന്ന ആർ.ജെ.ഡി നേതാവ് അവധ് ബിഹാരി ചൗധരി പുതിയ സ്പീക്കറായി സ്ഥാനമേൽക്കുമെന്നാണ് വിവരം.
243 അംഗ ബിഹാർ നിയമസഭയിൽ 164 എം.എൽ.എമാർ നിതീഷ് കുമാറിന്റെ സർക്കാരിനെ പിന്തുണക്കുന്നതിനാൽ ഭൂരിപക്ഷം തെളിയിക്കുകയെന്നത് ഔപചാരികം മാത്രമാണ്. നിയമസഭയുടെ നിലവിലെ അംഗബലം 241 ആണ്. ഏത് പാർട്ടിക്കും സഖ്യത്തിനും ഭൂരിപക്ഷത്തിന് 121 എം.എൽ.എമാരുടെ പിന്തുണ ആവശ്യമാണ്. അടുത്തിടെയാണ് ബി.ജെ.പിയുമായുള്ള സഖ്യം നിതീഷ് കുമാർ അവസാനിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.