പട്ന: സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പുതിയ പെരുമാറ്റ ചട്ടങ്ങൾ പുറപ്പെടുവിച്ച് ബിഹാർ സർക്കാർ.സോഷ്യൽ മീഡിയ വഴി ഉണ്ടാകുന്ന വിവാദങ്ങളും അച്ചടക്കലംഘനങ്ങളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുറപ്പെടുവിച്ച നിയമങ്ങൾ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു.
പുതിയ ചട്ടങ്ങൾ പ്രകാരം സർക്കാർ ഉദ്യോഗസ്ഥരും ജീവനക്കാരും സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കുന്നതിന് മുൻപ് ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി നേടണം. അനുമതിയില്ലാതെ അക്കൗണ്ട് തുറക്കുന്നതും വ്യാജപേരുകളിലോ അജ്ഞാതമായോ അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്.
സ്വകാര്യ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ സർക്കാർ ജീവനക്കാർക്ക് തങ്ങളുടെ ഔദ്യോഗിക പദവി,സർക്കാർ ലോഗോകൾ, ചിഹ്നങ്ങൾ,സർക്കാർ ഇമെയിൽ ഐ.ഡി, ഔദ്യോഗിക ഫോൺ നമ്പർ എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ഔദ്യോഗിക തിരിച്ചറിയൽ സ്വകാര്യ അഭിപ്രായ പ്രകടനത്തിന് ഉപയോഗിക്കുന്നത് സർക്കാർ സേവനത്തിന്റെ മാന്യതയെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഉള്ളടക്കത്തിലും സർക്കാർ കർശന നിർദേശങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അശ്ലീലമോ അധിക്ഷേപകരമോ ആയ ഉള്ളടക്കം,മതം, ജാതി, സമൂഹം, വ്യക്തികൾ എന്നിവയെ ലക്ഷ്യമിട്ടുള്ള വിദ്വേഷ പരാമർശങ്ങൾ,സാമൂഹിക സമാധാനം എന്നിവ തകർക്കാൻ സാധ്യതയുള്ള പോസ്റ്റുകൾ,സർക്കാർ ഓഫീസുകൾ, യോഗങ്ങൾ, ഔദ്യോഗിക പരിപാടികൾ എന്നിവയിൽ നിന്നുള്ള സെൻസിറ്റീവ് ഫോട്ടോകളും വീഡിയോകളും സർക്കാർ പ്രതിച്ഛായക്ക് ക്ഷതം വരുത്തുമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ ജീവനക്കാരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വിവാദങ്ങൾക്കും നാണക്കേടിനും ക്രമസമാധാന പ്രശ്നങ്ങൾക്കും നിരന്തരം വഴിവെച്ചതോടെയാണ് നിയമങ്ങൾ കൊണ്ടുവന്നതെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.