ന്യൂഡൽഹി: ഒമ്പതുകോടി രൂപയുടെ ചെക്ക് മടങ്ങിയ കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് മൂന്ന് മാസത്തെ തടവുശിക്ഷ. കേസിൽ വിചാരണ കോടതി നേരത്തെ വിധിച്ച ശിക്ഷക്കെതിരായ അപ്പീലുകൾ തള്ളിയാണ് ഡൽഹി ഹൈകോടതി ശിക്ഷ ശരിവച്ചത്.
ഇതോടെ രാജ്പാൽ യാദവ് മൂന്ന് മാസത്തെ തടവുശിക്ഷ അനുഭവിക്കേണ്ടിവരും. ഒമ്പത് കോടി രൂപയുടെ ഏഴ് കേസുകളിലാണ് രാജ്പാൽ യാദവിന് ശിക്ഷ വിധിച്ചത്. ഏഴ് ചെക്ക് കേസുകളിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തടവുശിക്ഷക്കൊപ്പം പരാതിക്കാരന് വൻതുക നഷ്ടപരിഹാരം നൽകാനും ഹൈകോടതി നിർദേശിച്ചു. ഏഴ് കേസുകളിലും പ്രത്യേകം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
2010ൽ രാജ്പാൽ യാദവ് നിർമിച്ച ‘അട്ടാ പട്ടാ ലാപ്പട്ടാ’ എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം. സിനിമ നിർമിക്കുന്നതിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അഞ്ചു കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടതോടെ വായ്പ തിരിച്ചടവ് മുടങ്ങി. തുടർന്ന് രാജ്പാൽ യാദവും ഭാര്യ രാധാ യാദവും നൽകിയ നിരവധി ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ മതിയായ തുക അക്കൗണ്ടിലില്ലാത്തതിനാൽ മടങ്ങി. ഇതോടെ ഇരുവർക്കുമെതിരെ ഏഴ് പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു. വർഷങ്ങൾ നീണ്ട വിചാരണക്ക് ശേഷം വിചാരണ കോടതി രാജ്പാൽ യാദവിനെ കുറ്റക്കാരനായി കണ്ടെത്തി ആറുമാസത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഡൽഹി ഹൈകോടതിയെ സമീപിച്ചത്.
അതേസമയം, പലതവണ അവസരം നൽകിയിട്ടും കോടതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനോ കുടിശ്ശിക തീർക്കാനോ കഴിഞ്ഞില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചു. എന്നാൽ, കേസിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് തടവുശിക്ഷ ആറുമാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു. കൂടാതെ പരാതിക്കാരന് ഓരോ കേസിലും 1.05 കോടി രൂപ വീതം നൽകാനും കോടതി ഉത്തരവിട്ടു. ഭാര്യ രാധാ യാദവും അഞ്ചുകോടിയിലധികം രൂപ പരാതിക്കാരന് നൽകണം.
ഇതേ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്പാൽ യാദവിനോട് തിഹാർ ജയിലിൽ കീഴടങ്ങാൻ ഹൈകോടതി നിർദേശിച്ചിരുന്നു. തുടർന്ന് അദ്ദേഹം കീഴടങ്ങുകയും പിന്നീട് ഇടക്കാല ജാമ്യം ലഭിക്കുകയും ചെയ്തു. കുടിശ്ശികയുടെ ഒരു ഭാഗം അടച്ചെങ്കിലും സമ്പൂർണ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഹൈകോടതിയുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.