ആമിർ ഖാനും ഗൗരി സ്പ്രാറ്റും, ബജ്റങ് ദൾ പ്രതിഷേധം

ആമിർ-ഗൗരി വിവാഹം ലവ് ജിഹാദെന്ന് ബജ്റങ് ദൾ; നടന്റെ കോലം കത്തിച്ചു

പട്ന: സുഹൃത്തായ ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിന് പിന്നാലെ, ബോളിവുഡ് താരം ആമിർ ഖാനെതിരെ ലവ് ജിഹാദ് ആരോപണവുമായി ഹിന്ദുത്വ പ്രവർത്തകർ. താരത്തിന്റെ കോലം കത്തിച്ച് ബജ്റങ് ദൾ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി. ബിഹാറിലെ ഫോർബ്സ്ഗഞ്ച് ഏരിയയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.

കാവി ഷാൾ ധരിച്ച ഹിന്ദുത്വ പ്രവർത്തകർ ‘ആമിർ ഖാൻ മൂർദാബാദ്’, ‘ആമിർ ഖാൻ ജിഹാദി ഭാരത് ജോഡോ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ​കോലം കത്തിച്ചത്. താരത്തിന്റെ മുൻ വിവാഹങ്ങളും ഗൗരിയുമായുള്ള വിവാഹവും ചൂണ്ടിക്കാട്ടി, ഹിന്ദു സ്ത്രീകളെ ലക്ഷ്യമിട്ട് ആമിർ ഖാൻ ലവ് ജിഹാദ് നടത്തുകയാണെന്നായിരുന്നു ബജ്റങ് ദളിന്റെ ആരോപണം.

ജൂലൈ അഞ്ചിനായിരുന്നു ആമിറിന്റെയും ഗൗരിയുടെയും വിവാഹം. തമിഴ്-ഐറിഷ് പശ്ചാത്തലമുള്ള ഗൗരി സ്പ്രാറ്റ് ക്രിസ്ത്യൻ വിശ്വാസമാണ് പിന്തുടരുന്നതെന്നും ഹിന്ദുമതമല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആമിർ ഖാൻ നേരത്തേ, റീന ദത്തയെയും കിരൺ റാവുവിനെയും വിവാഹം കഴിച്ചിരുന്നു.

ആമിറും ഗൗരിയും വിവാഹിതരായി രണ്ടുദിവസത്തിന് ശേഷം ബജ്റങ് ദൾ നേതാവായ മനോജ് സോണി ഒരു വിഡിയോ പ്രസ്താവന പുറത്തിറക്കിയിരുന്നു. ഹിന്ദു വിശ്വാസികളെ അപമാനിക്കുന്നതിനായി ഹിന്ദു സ്ത്രീകളെയും പെൺകുട്ടികളെയും ആമിർ ഖാൻ വിവാഹം കഴിക്കുകയും ഒഴിവാക്കുകയും ചെയ്യുന്നുവെന്നായിരുന്നു മനോജ് സോണിയുടെ പ്രസ്താവന. ഹിന്ദു സ്ത്രീകളെ വിവാഹം ചെയ്യുന്നതിലൂടെ ആമിർ ഖാൻ ഹിന്ദു സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും ഇതിനെ നേരിടാൻ നിയമമോ കോടതി​യോ എവിടെയാണെന്നും മനോജ് സോണി ചോദിച്ചു.

ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമായി ഹിന്ദുക്കളെ ദുർബലപ്പെടുത്താൻ ആമിർ ഖാൻ പ്രവർത്തിക്കുകയാണെന്ന് മനോജ് സോണി ആരോപിച്ചു. ഹിന്ദു സ്ത്രീകളെ ആവർത്തിച്ച് വിവാഹം കഴിക്കുന്നതിലൂടെ അദ്ദേഹം ഹിന്ദു സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കുകയാണെന്നും ഇത്തരം പ്രവൃത്തികൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ആമിർ ഖാനെ ഒരു പാഠം പഠിപ്പിക്കുമെന്നും മനോജ് സോണി ഭീഷണിപ്പെടുത്തി. ഹിന്ദു സ്ത്രീക​ളെ വിവാഹം കഴിച്ചിട്ടും കുട്ടികൾക്ക് മുസ്‍ലിം പേരുകളാണ് നൽകുന്നത്. രാജ്യത്തിന്റെ ഐക്യം തകർക്കാൻ നടൻ ശ്രമിക്കുന്നു. മുസ്‍ലിം സമുദായത്തിലെ സ്ത്രീകളുമായി ആമിർ പ്രണയത്തിലാകാത്തത് എന്തുകൊണ്ടാണെന്നും നടനനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും ​മനോജ് സോണി ആവശ്യ​പ്പെട്ടു.

ആമിർ ഖാനെതിരെ പ്രതിഷേധവുമായി വനിത ബജ്റങ് ദൾ നേതാവും രംഗത്തെത്തി. അയാൾ യഥാർഥ മുസൽമാൻ ആണെങ്കിൽ മുസ്‍ലിം സ്ത്രീകളെ തന്നെ വിവാഹം കഴിക്കുമെന്നായിരുന്നു അവരുടെ പ്രതികരണം. 

Tags:    
News Summary - Bajrang Dal burns Aamir Khans effigy over Gauri Spratt marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.