ബ്രഹ്മപുത്രയിൽ ചൈനയുടെ മെഗാ ഡാം; ഭൂകമ്പ ഭീഷണി ചൂണ്ടിക്കാട്ടി പഠനം, ഇന്ത്യക്ക് ആശങ്ക

ബീജിങ്: ടിബറ്റിലെ യാർലുങ് സാങ്പോ നദിയിൽ (ഇന്ത്യയിൽ ബ്രഹ്മപുത്ര) ചൈന നിർമ്മിച്ചുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിക്ക് ഗുരുതരമായ പ്രകൃതി ഭീഷണിയുണ്ടെന്ന് ചൈനയിലെ സർക്കാർ പിന്തുണയുള്ള ഭൂശാസ്ത്രജ്ഞരുടെ പഠനം. അണക്കെട്ട് നിർമ്മിക്കുന്ന പ്രദേശം സജീവമായ പൈഷെൻ  ഫോൾട്ട് എന്ന ഭൂഗർഭ വിള്ളലിന് മുകളിലായതിനാൽ ഭൂകമ്പം, മണ്ണിടിച്ചിൽ, പാറയിടിച്ചിൽ, നിർമാണങ്ങളുടെ അസ്ഥിരത എന്നിവക്ക് ഉയർന്ന സാധ്യതയുണ്ടെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

സൗത്ത് ചൈന മോണിംഗ് പോസ്റ്റ് പുറത്തുവിട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കൊപ്പം ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ജലസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും വീണ്ടും ശക്തമാക്കിയിരിക്കുകയാണ്. ബ്രഹ്മപുത്ര നദി ടിബറ്റിൽ നിന്ന് അരുണാചൽ പ്രദേശിലേക്ക് പ്രവേശിച്ചശേഷം അസമിലൂടെയും തുടർന്ന് ബംഗ്ലാദേശിലേക്കുമാണ് ഒഴുകുന്നത്. അതിനാൽ നദിയുടെ മുകൾഭാഗത്ത് നടക്കുന്ന ഏത് വലിയ നിർമാണവും താഴ്ന്ന പ്രദേശങ്ങളെ ബാധിക്കുമോയെന്ന ആശങ്ക ഇന്ത്യ നേരത്തെ തന്നെ പലവട്ടം ഉയർത്തിയിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് ജിയോളജിക്കൽ സർവേയുടെ മേൽനോട്ടത്തിൽ നടന്ന പഠനം  ചൈനീസ് ഭാഷയിലെ 'സെഡിമെന്ററി ജിയോളജിയും ടെതിയൻ ജിയോളജിയും' എന്ന ശാസ്ത്രീയ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്. പഠനമനുസരിച്ച്, പൈഷെൻ ഫോൾട്ട് പ്ലൈസ്റ്റോസീൻ (ഹിമയുഗം) കാലഘട്ടം മുതൽ സജീവമായി തുടരുന്ന ഭൂഗർഭ വിള്ളലാണ്. ഈ വിള്ളൽ അണക്കെട്ട്, റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ, ജലസംഭരണി എന്നിവയുടെ അടിത്തറയെയും ഘടനാപരമായ സ്ഥിരതയെയും ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

ഫോൾട്ട് പ്രദേശത്തെ പാറകൾ ഇതിനകം തന്നെ പൊട്ടലുകൾ സംഭവിച്ച് ദുർബലമായതിനാൽ വലിയ എൻജിനീയറിങ് നിർമാണങ്ങൾ കൂടുതൽ അപകടസാധ്യത നേരിടുമെന്നും പഠനം വ്യക്തമാക്കുന്നു. ജലസംഭരണിക്ക് ചുറ്റുമുള്ള മലഞ്ചെരിവുകളുടെ ഘടനയും ദുർബലമാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. ദീർഘകാലം വെള്ളത്തിന്റെ സമ്മർദ്ദവും ഭൂകമ്പങ്ങളുടെ സ്വാധീനവും തുടരുകയാണെങ്കിൽ മലഞ്ചെരിവുകൾ എളുപ്പത്തിൽ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷമാണ് ചൈന ഈ മെഗാ അണക്കെട്ടിന്റെ നിർമ്മാണം ആരംഭിച്ചത്. വർഷത്തിൽ ഏകദേശം 300 ബില്യൺ കിലോവാട്ട് മണിക്കൂർ വൈദ്യുതി ഉൽപാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇത് നിലവിലെ ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ത്രീ ഗോർജസ് അണക്കെട്ടിന്റെ ഉൽപാദന ശേഷിയുടെ ഏകദേശം മൂന്നിരട്ടിയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രഹ്മപുത്ര വെറും ഒരു നദിയല്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കൃഷി, കുടിവെള്ള വിതരണം, മത്സ്യബന്ധനം, ജലവൈദ്യുതി ഉൽപാദനം, ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവനം എന്നിവയെല്ലാം ഈ നദിയുമായി ബന്ധപ്പെട്ടതാണ്. അതിനാൽ അണക്കെട്ടിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും തകരാറോ ജലപ്രവാഹത്തിലെ വലിയ മാറ്റമോ ഇന്ത്യയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഗൗരവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക നിലനിൽക്കുന്നു.

ഇന്ത്യൻ, യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ തമ്മിൽ നിരന്തരം കൂട്ടിയിടിക്കുന്ന ഹിമാലയൻ ഭൂകമ്പ മേഖലയുടെ ഭാഗത്താണ് പൈഷെൻ പ്രദേശമെന്നും പഠനം വ്യക്തമാക്കുന്നു. ഏകദേശം 9,500 വർഷം മുമ്പ് വരെ ഈ ഫോൾട്ട് സജീവമായിരുന്നുവെന്ന് ഭൂമിശാസ്ത്ര തെളിവുകൾ സൂചിപ്പിക്കുന്നു. 2017-ൽ ടിബറ്റിലെ മിലിൻ മേഖലയിൽ ഉണ്ടായ റിക്ടർ സ്‌കെയിലിൽ 6.9 തീവ്രതയുള്ള ഭൂകമ്പവും ഈ മേഖലയിലെ അപകടസാധ്യതയുടെ തെളിവാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

"പ്രാദേശിക ഭൂകമ്പങ്ങൾ ഉണ്ടാകുമ്പോൾ മണ്ണിടിച്ചിലും പാറയിടിച്ചിലും എളുപ്പത്തിൽ സംഭവിക്കാം. ഇത് നിർമാണ സംവിധാനങ്ങൾക്കും ജീവനക്കാർക്കും ഭീഷണിയാകും. അതിനാൽ നിർമ്മാണ സമയത്ത് സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുകയും മലഞ്ചെരിവുകൾ ഉറപ്പിക്കുന്ന നടപടികൾ സ്വീകരിക്കുകയും വേണം," എന്നാണ് ഗവേഷകരുടെ ശുപാർശ.

ചൈന ഈ അണക്കെട്ട് പ്രധാനമായും ജലവൈദ്യുതി ഉൽപാദനത്തിനായുള്ള പദ്ധതിയാണെന്നാണ് ആവർത്തിച്ച് വ്യക്തമാക്കുന്നത്. എന്നാൽ സജീവമായ ഭൂഗർഭ വിള്ളലിന് മുകളിലാണ് പദ്ധതി നിർമ്മിക്കുന്നതെന്ന കാര്യം ചൈനീസ് ശാസ്ത്രജ്ഞർ തന്നെ രേഖപ്പെടുത്തിയതോടെ, പദ്ധതിയുടെ സുരക്ഷയും ബ്രഹ്മപുത്രയെ ആശ്രയിക്കുന്ന താഴ്ന്ന പ്രദേശങ്ങളുടെ ഭാവിയും സംബന്ധിച്ച ആശങ്കകൾക്ക് കൂടുതൽ ശക്തി ലഭിച്ചിരിക്കുകയാണ്.

Tags:    
News Summary - China's Mega Dam on Brahmaputra; Study Highlights Earthquake Threat, Concerns for India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.