പട്ന: വാശിയേറിയ പ്രചാരണം നടന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വോട്ടെടുപ്പിൽ ഉച്ചവരെ 33 ശതമാനം പോളിങ്. ബെഗുസാരായി ജില്ലയിലാണ് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കൂടുതൽ പോളിങ്. 30.37 ശതമാനം. പട്നയിലാണ് ഏറ്റവും കുറഞ്ഞ പോളിങ്. 23.71 ശതമാനം. രാവിലെ മുതൽ പോളിങ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര കാണാം.
പട്നയിലെ ബൂത്തിൽ സ്ലിപ്പ് ഇല്ലാതെ എത്തിയവരെ തെരഞ്ഞെടുപ്പ് വരണാധികാരി വോട്ട് ചെയ്യാൻ അനുവദിച്ചില്ല. ഇതോടെ ബൂത്തിന് പുറത്ത് യുവതികൾ പ്രതിഷേധിച്ചു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തിൽ 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലെ സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 1314 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 122 പേർ സ്ത്രീകളാണ്. 3.75 കോടി ജനങ്ങളാണ് ഒന്നാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തുക.
പ്രശാന്ത് കിഷോറിന്‍റെ ജൻ സൂരജ് പാർട്ടി 119 സ്ഥാനാർഥികളെ മത്സരപ്പിക്കുന്നുണ്ട്. ഇതിൽ ഭോറയിൽ മത്സരിക്കുന്ന പ്രീതി കിന്നാർ ട്രാൻസ്ജെൻഡർ ആണ്. എസ്.ഐ.ആർ നടപ്പാക്കി തയാറാക്കിയ വോട്ടർ പട്ടികയാണ് തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. 243 സീറ്റുകളിൽ ബാക്കിയുള്ള 20 ജില്ലകളിലെ 122 മണ്ഡലങ്ങൾ ഉൾപ്പെടുന്ന രണ്ടാംഘട്ട വോട്ടെടുപ്പ് 10ന് നടക്കും. 14ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
2020ൽ മൂന്നു ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടന്നത്. എൻ.ഡി.എ സഖ്യം125 സീറ്റിലും ആർ.ജെ.ഡിയുടെ മഹാസഖ്യം 110 സീറ്റിലും വിജയിച്ചു. ജെ.ഡി.യു 43 സീറ്റും കോൺഗ്രസ് 19 സീറ്റും നേടി. ജെ.ഡി.യു 115 സീറ്റിലും ബി.ജെ.പി 110 സീറ്റിലും ആർ.ജെ.ഡി 144 സീറ്റിലും കോൺഗ്രസ് 70 സീറ്റിലുമാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന് ഈ തെരഞ്ഞെടുപ്പ് അതിനിർണായകമാണ്. വനിതകൾക്ക് 30000 രൂപയുടെ വാർഷിക സഹായവും കുടുംബത്തിൽ ഒരാൾക്ക് ജോലിയുമടക്കം വമ്പൻ വാഗ്ദാനങ്ങളാണ് ആർ.ജെ.ഡിയുടെ യുവനേതാവ് വോട്ടർമാർക്ക് മുന്നിൽവെക്കുന്നത്. വൈശാലി ജില്ലയിലെ രഘോപൂരിൽ നിന്ന് 2015 മുതലാണ് തേജസ്വി ജയിച്ചു വരുന്നത്. ജെ.ഡി.യു മുൻ എം.എൽ.എ കൂടിയായ സതീഷ് കുമാർ യാദവാണ് ഇവിടെ ബി.ജെ.പി സ്ഥാനാർഥി. 2010ൽ തേജസ്വിയുടെ അമ്മ റബ്രിദേവിയെ തോൽപിച്ച ചരിത്രമുണ്ട് സതീഷ് കുമാറിന്.
പ്രശാന്ത് കിഷോറിന്‍റെ ജൻ സുരാജ് പാർട്ടിയുടെ ചഞ്ചൽ സിങ്ങും രഘോപൂരിൽ ജനവിധി തേടുന്നു. പിതാവ് ലാലു പ്രസാദ് യാദവുമായി ഉടക്കി സ്വന്തം പാർട്ടിയുണ്ടാക്കിയ തേജ്പ്രതാപ് വൈശാലിയിലെ മഹുവയിൽ മത്സരിക്കുന്നുണ്ട്. ഈ മണ്ഡലത്തിൽ ആർ.ജെ.ഡിക്ക് സ്ഥാനാർഥിയുണ്ട്. പാർട്ടിയാണ് വലുത് എന്ന നിലപാടിലാണ് തേജ്പ്രതാപിന്റെ അനിയനായ തേജസ്വി. എന്നാൽ, തേജ് പ്രതാപ് ജയിക്കണമെന്ന് റബ്രിദേവിയുടെ അമ്മ മനസ്സ് ആഗ്രഹിക്കുന്നു. അവർ അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്.
നിലവിൽ ഒന്നാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ മഹാസഖ്യത്തിന് നേരിയ മുൻതൂക്കമുണ്ടായിരുന്നു. ഇത്തവണ ഇൻഡ്യ സഖ്യമായി മാറിയ മഹാസഖ്യം പ്രതീക്ഷയിലാണ്. പ്രശാന്ത് കിഷോറിന്‍റെ പാർട്ടിക്ക് കിട്ടുന്ന വോട്ടുകളാകും ഇത്തവണ നിർണായകമാകുക. മഹാസഖ്യത്തിൽ പലയിടത്തും ‘സൗഹൃദ മത്സര’ങ്ങളുണ്ട്. എൻ.ഡി.എ സഖ്യത്തിൽ തൊഴുത്തിൽകുത്ത് വളരെ കുറവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.