പട്ന: സാധാരണ വിദ്യാർഥികൾക്ക് അനധികൃതമായി മാർക്ക് നൽകുന്നതിലൂടെയാണ് ബിഹാർ വിദ്യാഭ്യാസ ബോർഡ് എപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുള്ളത്. ഇത്തവണ പത്താംക്ളാസുകാരിയെ തോൽപ്പിച്ചതിന് ഹൈകോടതി പിഴശിക്ഷ വിധിച്ചതിലൂടെയാണ് ബിഹാർ ബോർഡ് വാർത്തകളിൽ ഇടം പിടിച്ചത്.
ഡിഡി ഹൈസ്കൂൾ പത്താംക്ളാസ് ഫലം പ്രഖ്യാപിച്ചപ്പോൾ പ്രിയങ്ക രണ്ട് വിഷയങ്ങളിൽ തോറ്റിരുന്നു. സയൻസിന് 29ഉം സംസ്കൃതത്തിന് നാലും മാർക്കാണ് പ്രിയങ്കക്ക് ലഭിച്ചത്. സർക്കാർ ഹൈസ്ക്കൂളിലെ വിദ്യാർഥിനിയായ പ്രിയങ്ക ഉടൻതന്നെ റിവാല്വേഷന് അപേക്ഷിച്ചു. വിചിത്രമായ ഫലമാണ് പുറത്തുവന്നത്. സംസ്കൃതത്തിലെ മാർക്ക് നാലിൽ നിന്നും ഏഴായി ഉയർന്നു. എന്നാൽ സയൻസിലെ മാർക്ക് 29ൽ നിന്നും ഏഴായി മാറി. മാർക്ക് കണ്ട് ഞെട്ടിപ്പോയ പ്രിയങ്ക പട്ന ഹൈകോടതിയെ സമീപിച്ചു.
പ്രിയങ്കയുടെ അവകാശ വാദങ്ങളെപ്പറ്റി അത്ര ഉറപ്പില്ലാത്ത കോടതി 40,000 രൂപ കെട്ടിവെക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. വെറുതെ കേസുമായി നടക്കുകയാണെന്ന് ബോധ്യപ്പെട്ടാൽ കെട്ടിവെച്ച പൈസ പോകുമെന്നും പറഞ്ഞു. പക്ഷെ അവൾക്ക് സംശയമൊന്നുമില്ലായിരുന്നു.
പ്രിയങ്കയുടെ ഉത്തരക്കടലാസുകൾ ഹാജരാക്കാനാണ് കോടതി സ്കൂൾ ബോർഡിനോട് ആദ്യം ആവശ്യപ്പെട്ടത്. എന്നാൽ ബോർഡ് ഹാജരാക്കിയ പേപ്പറുകളിലെ കയ്യക്ഷരം പ്രിയങ്കയുടേതല്ലെന്ന് തിരിച്ചറിഞ്ഞ കോടതി യഥാർഥ ഉത്തരക്കടലാസുകൾ ഹാജരാക്കാൻ വീണ്ടും നിർദേശം നൽകി. ഇതോടുകൂടി പ്രിയങ്കയുടെ മാർക്ക് സയൻസിൽ 80 ആയും സംസ്കൃതത്തിൽ 61 ആയും ഉയർന്നു.
തുടർന്ന്, പ്രിയങ്കക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വ്യക്തമാക്കിയ കോടതി കേസിനെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.