ലാലു പ്രസാദ് യാദവ്, തേജ് പ്രതാപ് യാദവ്

ബിഹാറിൽ ലാലുവിന്റെ മകനെ റാഞ്ചാൻ ബി.ജെ.പി; തേജ് പ്രതാപ് എൻ.ഡി.എയിലേക്കോ...?

പട്ന: ബിഹാറിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയായി, രണ്ടാം ഘട്ട പ്രചാരണം മുറുകുന്നതിനിടെ ആർ.ജെ.ഡിക്ക് ഷോക്കായി ബി.ജെ.പിയുടെ നീക്കം. ആർ.ജെ.ഡി സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവി​ന്റെ മകനും, ജനശക്തി ജനതാ ദൾ സ്ഥാപകനുമായ തേജ് പ്രതാപ് യാദവിനായി വലയെറിഞ്ഞാണ് രണ്ടാം ഘട്ട വോട്ടെടുപ്പിന് മുമ്പേ ബി.ജെ.പിയുടെ ചരടുവലി നടക്കുന്നത്.

കുടുംബവുമായി തെറ്റിയതിനു പിന്നാലെ ആർ.ജെ.ഡിയിൽ നിന്നും പുറത്താക്കപ്പെട്ട തേജ് പ്രതാപ് പുതിയ പാർട്ടി രൂപീകരിച്ച് തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്. സ്ഥാനാർഥികൾക്കായി പ്രചാരണ രംഗത്തിറങ്ങുന്നതിനിടെ ബി.ജെ.പി നേതാവും എം.പിയുമായ രവി കിഷനുമായി പട്ന വിമാനത്താവളത്തിൽ കൂടികാഴ്ച നടത്തിയതിനു പിന്നാലെയാണ് ലാലുവിന്റെ മകൻ ബി.ജെ.പിയുമായി അടുക്കുന്ന വാർത്തകൾ പുറത്തു വന്നത്.

കൂടികാഴ്ചക്കു പിന്നാലെ മാധ്യമങ്ങളെ കണ്ട തേജ് പ്രതാപ് തൊഴിലില്ലായ്മ അവസാനിപ്പിക്കുന്ന ആരെയും പിന്തുണക്കുമെന്ന് ചോദ്യത്തിനുത്തരമായി തേജ് പ്രതാപ് പറഞ്ഞു.

അതേസമയം, തേജ് പ്രതാപി​ന്റെ പ്രവർത്തനങ്ങളെ രവി കിഷൻ പ്രശംസിച്ചു. വ്യക്തിഗത താൽപര്യങ്ങൾക്കപ്പുറം സേവന സന്നദ്ധരായ ആർക്ക് മുന്നിലും ബി.ജെ.പിയുടെ വാതിലുകൾ തുറന്നുവെച്ചതായും ​അദ്ദേഹം പറഞ്ഞു.

മേയിലായിരുന്നു തേജ് പ്രതാപ് യാദവ് എം.എൽ.എയെ ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ് പാർട്ടിയിൽനിന്നും ആറു വർഷത്തേക്ക് പുറത്താക്കിയത്. കാമുകി അനുഷ്‌ക യാദവുമൊത്തുള്ള ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു നടപടി. പിന്നീട്, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്ന വിശദീകരണം നൽകിയെങ്കിലും ഫലമുണ്ടായില്ല.

ആർ.ജെ.ഡി നേതാവായിരുന്ന ചന്ദ്രികാ റായിയുടെ മകളാണ് തേജ് പ്രതാപിന്റെ മുൻഭാര്യ. ഈ ബന്ധത്തിലുണ്ടായ തകർച്ച പാർട്ടിയിലും കുടുംബത്തിലും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. തേജ് പ്രതാപിന്റെ ഇളയ സഹോദരനായ തേജസ്വി യാദവിനെ ആർ.ജെ.ഡിയുടെ നേതൃ നിരയിലേക്ക് ഉയർത്തിയതും പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. നിലവിൽ ആർ.ജെ.ഡിയുടെയും മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർഥിയാണ് തേജസ്വി.

തെരഞ്ഞെടുപ്പിൽ മഹുവ മണ്ഡലത്തിൽ നിന്നാണ് ജെ.ജെ.ഡി സ്ഥാനാർഥിയായി തേജ് പ്രതാപ് മത്സരിക്കുന്നത്. ആർ.ജെ.ഡിയിലേക്ക് തിരികെ പോകന്നതിനേക്കാൾ ഭേദം മരണമെന്നായിരുന്നു അടുത്തിടെ അദ്ദേഹത്തിന്റെ പ്രതികരണം.

നവംബർ 11നാണ് ബിഹാറിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ ഏത് നീക്കത്തിനും സന്നദ്ധമാണെന്ന് തെളിയിക്കുന്നതാണ് തേജ് പ്രതാപി​ന്റെ വാക്കുകളെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തു. കഴിഞ്ഞ സെപ്റ്റംബറിൽ രൂപീകരിച്ച ജെ.ജെ.ഡി 21 സീറ്റുകളിൽ മത്സര രംഗത്തുണ്ട്. 

Tags:    
News Summary - Big Hint From Tej Pratap Yadav About Post Poll Plans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.