ഭോപ്പാൽ: കളിമുറ്റത്ത് തേനീച്ചക്കൂട്ടം ഇരച്ചെത്തിയപ്പോൾ സ്വന്തം ജീവൻ മറന്ന് ഇരുപതോളം കുരുന്നുകൾക്ക് കവചമായ അങ്കൻവാടി ജീവനക്കാരി മരിച്ചു. മധ്യപ്രദേശിലെ രാൺപൂർ ഗ്രാമത്തിലെ അങ്കൻവാടിയിലാണ് സംഭവം. മദാവഡ പഞ്ചായത്തിലെ അങ്കൻവാടിയിലെ പാചകത്തൊഴിലാളിയായ കഞ്ചൻ ബായ് മേഘ്‌വാൾ (53) ആണ് കുട്ടികളെ രക്ഷിക്കുന്നതിനിടെ മരിച്ചത്.
അങ്കൻവാടി പരിസരത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് സമീപത്തെ മരത്തിൽ നിന്നും തേനീച്ചക്കൂട്ടം ഇളകിവന്നത്. പാഞ്ഞടുത്ത തേനീച്ചകളിൽ നിന്നും നിമിഷ നേരം കൊണ്ടാണ് കഞ്ചൻ ഭായ് കുട്ടികളെ രക്ഷിച്ചത്. തന്റെ ചുറ്റുമുള്ള പായകളും തുണികളും ടാർപോളിനും കൊണ്ട് കുട്ടികളെ മൂടി കെട്ടിടത്തിനകത്തേക്ക് മാറ്റിയും കുറച്ച് പേരെ തന്റെ ശരീരം കൊണ്ടും മറച്ച് വെച്ചാണ് കഞ്ചൻ ഭായ് തേനീച്ചകളുടെ ആക്രമണത്തിൽ നിന്നും കുട്ടികളെ രക്ഷിച്ചത്.
എന്നാൽ പാഞ്ഞടുത്ത തേനീച്ചകൾ കഞ്ചൻ ഭായെ പൊതിയുകയായിരുന്നു. തുടർന്ന് നൂറിലധികം തേനീച്ചകൾ കഞ്ചൻ ഭായെ കുത്താൻ തുടങ്ങി. എന്നിട്ടും പിന്മാറാതെ അവസാന കുട്ടിയെയും സുരക്ഷിതമാക്കുകയായിരുന്നു ഇവർ. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും കഞ്ചൻ ഭായ് ബോധരഹിതയായി നിലത്തു വീണിരുന്നു. ഉടനെ തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. കഞ്ചൻ ഭായുടെ ശരീരമാസകലം തേനീച്ചകളുടെ കുത്തുകളുണ്ടായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
ജയ് മാതാജി സ്വയംസഹായ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്ന കഞ്ചൻ ബായ് ആയിരുന്നു ആ കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. പക്ഷാഘാതം വന്ന് കിടപ്പിലായ ഭർത്താവ് ശിവലാൽ, ഒരു മകൻ, രണ്ട് പെൺമക്കൾ എന്നിവരടങ്ങുന്നതാണ് ഇവരുടെ കുടുംബം. പോസ്റ്റ് മോർട്ടത്തിന് ശേഷം കഞ്ചൻ ഭായുടെ മൃതദേഹം ഗ്രാമത്തിൽ കൊണ്ടു വന്നപ്പോൾ നാട്ടുകാരെല്ലാം മൗനം പാലിച്ചു. അവസാന ശ്വസം വരെ തന്റെ ധീരത കൊണ്ട് കുരുന്നുകളെ സംരക്ഷിച്ച കഞ്ചൻ ഭായ്ക്ക് നാട്ടുകാർ നൽകിയ ആദരമായിരുന്നു അത്.
അപകടത്തിന് ശേഷവും ഗ്രാമത്തിൽ ഭീതി നിലനിൽക്കുകയാണ്. അങ്കൻവാടിക്ക് സമീപമുള്ള മരത്തിൽ ഇപ്പോഴും കൂറ്റൻ തേനീച്ചക്കൂട് തൂങ്ങിക്കിടക്കുന്നുണ്ട്. ഗ്രാമത്തിലെ ഏക കുടിവെള്ള പമ്പ് ഇതിനടുത്തായതിനാൽ വെള്ളമെടുക്കാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണ്. തേനീച്ചക്കൂട് അടിയന്തരമായി നീക്കം ചെയ്യണമെന്നും കഞ്ചൻ ബായുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.